ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി. സമ്പൂര്‍ണ്ണമാറ്റത്തിന് ഒരുങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ബി.എസ്. യെദിയൂരപ്പയുടെ പുതിയ ട്വീറ്റ് ചര്‍ച്ചയാകുന്നു. ബി.ജെ.പി. ദേശീയ നേതൃത്വത്തിനും കേന്ദ്ര സര്‍ക്കാരിനുമുള്ള മറുപടിയാണ് യെദിയൂരപ്പ ഈ ട്വീറ്റിലൂടെ നല്‍കുന്നതെന്നാണ് നിരീക്ഷണങ്ങള്‍.
ബി.ജെ.പിയുടെ വിശ്വസ്തനായ പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടി മര്യാദകളെ എല്ലാവരും ബഹുമാനിക്കണമെന്നും അവ ലംഘിച്ച് ആരും പ്രതിഷേധിക്കരുതെന്നുമാണ് ട്വീറ്റിലൂടെ യെദിയൂരപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ബി.ജെ.പിയുടെ ഒരു വിശ്വസ്ത പ്രവര്‍ത്തകനാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഏറ്റവും ഉയര്‍ന്ന മര്യാദകളോടെ പാര്‍ട്ടിയെ സേവിക്കുക എന്നത് എനിക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണ്.
എല്ലാവരോടും പാര്‍ട്ടിയുടെ രീതികളും മര്യാദകളും പാലിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. അവ ലംഘിച്ചുകൊണ്ട് പ്രതിഷേധമോ മറ്റു അച്ചടക്കലംഘനങ്ങളോ നടത്തരുത്. പാര്‍ട്ടിയെ അപമാനിക്കുകയോ നാണം കെടുത്തുകയോ ചെയ്യരുത്,’ യെദിയൂരപ്പ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. എം.എല്‍.എമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. നീണ്ട നാളായി തുടരുന്ന ബി.ജെ.പിക്കുള്ളിലെ ഈ പ്രശ്‌നങ്ങള്‍ അടുത്ത കാലത്ത് കുറച്ചു കൂടി ശക്തമാവുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റു നേതാക്കളെയും സന്ദര്‍ശിക്കാനായി യെദിയൂരപ്പ ന്യൂദല്‍ഹിയിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇവയിലൊന്നും ഒരു സത്യവുമില്ലെന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി.
I am privileged to be a loyal worker of BJP. It is my utmost honour to serve the party with highest standards of ethics & behaviour. I urge everyone to act in accordance with party ethics & not indulge in protests/indiscipline that is disrespectful & embarrassing for the party.
അതേസമയം തന്റെ പക്ഷത്തുള്ള ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തിരക്കുപിടിച്ച ഓട്ടത്തിലാണ് യെദിയൂരപ്പ. പാര്‍ട്ടിക്കകത്ത് നിന്നുതന്നെ യെദിയൂരപ്പയ്ക്കെതിരെ എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് അദ്ദേഹം പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
കഴിഞ്ഞദിവസം യെദിയൂരപ്പയും ലിംഗായത്ത് സന്യാസിമാരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഇരുപതിലധികം സന്യാസിമാരാണ് യെദിയൂരപ്പയെ കണ്ടത്.
നേതൃമാറ്റം സംബന്ധിച്ച തീരുമാനം മൂന്നുനാലു ദിവസത്തിനുള്ളില്‍ ബി.ജെ.പി. നേതൃത്വം പിന്‍വലിച്ചില്ലെങ്കില്‍ 300 ഓളം സന്യാസിമാര്‍ ബെംഗളൂരു നഗരത്തില്‍ തടിച്ചുകൂടുമെന്നും സന്യാസിമാര്‍ താക്കീത് നല്‍കി.
യെദിയൂരപ്പയെ വേദനിപ്പിക്കുന്ന എന്തെങ്കിലും തീരുമാനം ബി.ജെ.പി. നേതൃത്വം സ്വീകരിച്ചാല്‍ കര്‍ണാടകയില്‍ നിന്നും ബി.ജെ.പിയെ പൂര്‍ണമായും തൂത്തുകളയുമെന്നും സന്യാസിമാര്‍ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കി.
യെദിയൂരപ്പയ്ക്കെതിരെ പാര്‍ട്ടിക്കകത്തുനിന്നു തന്നെ ചരടുവലികള്‍ നടക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന ബി.ജെ.പി. ആദ്യം സ്വീകരിച്ച നിലപാട്.
മുഖ്യമന്ത്രിയെ മാറ്റണമെന്നുള്ള രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും അത്തരത്തിലൊരു രീതിയിലുള്ള അസ്ഥിരതയും സംസ്ഥാനത്തില്ലെന്നുമാണ് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി തലവന്‍ അരുണ്‍ സിംഗ് പറഞ്ഞത്.
‘ആരും പാര്‍ട്ടിയെ കുറ്റപ്പെടുത്തരുത്. ഞങ്ങള്‍ വേണ്ട നടപടി സ്വീകരിക്കും. ഇതൊരു വലിയ രാഷ്ട്രീയപാര്‍ട്ടിയാണ്. ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം. എല്ലാവരുടെയും പൂര്‍ണ്ണ സഹകരണത്തോടെ മാത്രമെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ പറ്റുകയുള്ളു. രണ്ടോ മൂന്നോ പേര്‍ പാര്‍ട്ടിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കും,’ എന്നും അരുണ്‍ സിംഗ് പറഞ്ഞിരുന്നു.
നേരത്തെ മുഖ്യമന്ത്രിയെ നീക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ നിന്നുയരുന്നുണ്ടെന്ന് കര്‍ണ്ണാടക മന്ത്രി തന്നെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. വിമത എം.എല്‍.എ. ബസന ഗൗഡ പാട്ടീല്‍ യത്നാല്‍ രംഗത്തെത്തിയിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞിരുന്നു.