മാക്കൂട്ടം ചുരം മണ്ണിട്ട് അടച്ചു; കര്‍ണാടക അന്തര്‍സംസ്ഥാന നിയമം ലംഘിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം
Kerala News
മാക്കൂട്ടം ചുരം മണ്ണിട്ട് അടച്ചു; കര്‍ണാടക അന്തര്‍സംസ്ഥാന നിയമം ലംഘിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 7:35 am

തിരുവനന്തപുരം: കര്‍ണാടക അന്തര്‍സംസ്ഥാന നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സമീപിച്ച് കേരളം. കര്‍ണാടകം, കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചിടുകയാണെന്നും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുകയാണെന്നും കേരളം ചൂണ്ടിക്കാണിച്ചു.

‘മാക്കൂട്ടം ചുരം മണ്ണും കല്ലുമിട്ട് അടക്കുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കുന്നില്ല.’

ലോറിയുമായെത്തിയവരെ 24 മണിക്കൂറായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന് ലോറി തൊഴിലാളികള്‍ പറയുന്നു. കേരളത്തിലേക്കുള്ള പച്ചക്കറിയുമായി 80 ലോറികളാണ് കുടുങ്ങിയിരിക്കുന്നത്.

മാക്കൂട്ടം ചുരം വഴി കേരളത്തിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായിം നിലച്ച മട്ടാണ്. ഇതോടെ കണ്ണൂര്‍ ജില്ലയിലേക്കുള്ള ചരക്ക് നീക്കം നിലക്കും.

മാക്കൂട്ടം ചുരം റോഡ് മണ്ണിട്ടാണ് കര്‍ണാടകം അടച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായാണ് കേരളവുമായുള്ള അതിര്‍ത്തികള്‍ കര്‍ണാടകം മണ്ണിട്ട് അടച്ചത്.

കാസര്‍കോടും കൂട്ടുപുഴയില്‍ കേരളാ അതിര്‍ത്തിയിലേക്ക് കടന്നുകൊണ്ടുമാണ് കര്‍ണാടക മണ്ണിട്ടിട്ടുള്ളത്. കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചതായും മണ്ണ് മാറ്റാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

എന്നാല്‍ അതിര്‍ത്തികള്‍ അടച്ചുകൊണ്ടുള്ള മണ്ണ് നീക്കം ചെയ്യില്ലെന്നാണ് കര്‍ണാടകം ഇപ്പോള്‍ വ്യക്തമാക്കുന്നത്. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

WATCH THIS VIDEO: