ബെംഗളൂരു: കര്‍ണാടക സിവില്‍ ബോഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ ജെ.ഡി.എസുമായി സഖ്യം രൂപീകരിക്കുമെന്ന് ബി.ജെ.പി. കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനിലാണ് ജെ.ഡി.എസുമായി സഖ്യം രൂപീകരിക്കുമെന്ന സൂചന ബി.ജെ.പി നേതൃത്വം നല്‍കിയത്.
മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിങ്കളാഴ്ച ഫലം പുറത്തുവന്ന കല്‍ബുര്‍ഗി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ആകെയുള്ള 55 സീറ്റില്‍ 27 ലും കോണ്‍ഗ്രസ് ജയിച്ചത്.
ബി.ജെ.പി 23. ജെ.ഡി.എസ് നാല്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് മറ്റ് സീറ്റുകളിലെ കക്ഷി നില.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജെ.ഡി.എസുമായി സഖ്യം ചേര്‍ന്ന് ഭരണം പിടിക്കുകയായിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍ നിന്നൊഴിവാക്കുന്നതിനായിരുന്നു ഇത്.
കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ രാജ്യത്തെ ബി.ജെ.പി ഇതര കക്ഷികളും സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ പിന്നീട് ജെ.ഡി.എസ്-കോണ്‍ഗ്രസ് ധാരണ തെറ്റിയതോടെയാണ് ബി.ജെ.പി അധികാരം പിടിച്ചത്.