| Thursday, 2nd May 2024, 1:20 pm

പ്രജ്വൽ രേവണ്ണക്കെതിരെ സിദ്ധരാമയ്യ; നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ പ്രധാനമന്ത്രിക്ക് കത്ത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ജെ.ഡി.എസ് നേതാവും ഹാസൻ എം.പിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ നീക്കവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ലൈംഗിക അതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിദ്ധരാമയ്യ കത്തയച്ചു.
നയതന്ത്ര മാർഗത്തിലൂടെ പ്രജ്വലിനെ നാട്ടിലെത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

പ്രജ്വലിനെതിരായ ലൈംഗികാതിക്രമണ കേസിൽ സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. എന്നാൽ കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കുന്നതിനു മുൻപേ പ്രജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ തങ്ങൾക്കു മുന്നിൽ ഹാജരാവണമെന്ന് പ്രത്യേക അന്വേഷണ സംഘം പ്രജ്വലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഹാജരാവാൻ ഇനിയും സമയം വേണമെന്ന് അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു.

കേസിലെ മറ്റൊരു പ്രതിയും പ്രജ്വലിന്റെ പിതാവുമായ എം. എൽ.എ എച് .ഡി രേവണ്ണയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ഹബുള്ളയിൽ ചേർന്ന യോഗത്തിൽ ജെ.ഡി.എസ് പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

നിരവധി സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷിണിപ്പെടുത്തുകയും ചെയ്തു എന്നാണ് പ്രജ്വൽ രേവണ്ണക്കെതിരെയുള്ള പരാതി. പീഡന ചിത്രങ്ങൾ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുൻപ് പുറത്തു വന്നതോടെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിക്കുകയാണ് കർണാടക സർക്കാർ.

തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രജ്വലിനും ജെ.ഡി.എസിനെതിരെയും പ്രചാരണ ആയുധമായി പുറത്തുവന്ന ദൃശ്യങ്ങൾ പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ തങ്ങളുടെ മുഖം സംരക്ഷിക്കാൻ ജെ.ഡി.എസ് ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹബുള്ളയിൽ നടന്ന യോഗത്തിൽ വെച്ച് അന്വേഷണം തീരും വരെ പ്രജ്വലിനെ താത്കാലികമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. അതോടൊപ്പം അന്വേഷണത്തെ ജെ.ഡി.എസ് സ്വാഗതം ചെയ്യുകയും ചെയ്തു.

അതേസമയം വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കർണാടക ഡി.ജി.പിയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് വനിത കമ്മീഷന്റെ നിർദേശം.

Content Highlight: Karnataka chief minister write a letter to prime minister about Prajwal’s  case

Latest Stories

We use cookies to give you the best possible experience. Learn more