ബെംഗളൂരു: പ്രണയം നഷ്ടപ്പെട്ടതിന് പിന്നില്‍ തന്റെ ജാതിയായിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോളേജില്‍ പഠിക്കുന്ന കാലത്ത് പ്രണയമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ കഴിയാതിരുന്നത് താന്‍ മറ്റൊരു ജാതിയില്‍ പെട്ടതിനാലുമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
മൈസൂരില്‍ ബുദ്ധപൂര്‍ണിമ ദിവസത്തിനോടനുബന്ധിച്ച് മിശ്രവിവാഹങ്ങള്‍ ആഘോഷിക്കുന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റ വെളിപ്പെടുത്തല്‍.
‘കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. അവളെ എനിക്ക് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അവളുടെ മാതാപിതാക്കളോട് വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അവര്‍ സമ്മതിച്ചില്ല. ഞാന്‍ മറ്റൊരു ജാതിയില്‍ ജനിച്ച ആളായതുകൊണ്ടായിരുന്നു സമ്മതിക്കാതിരുന്നത്. ആ പെണ്‍കുട്ടിയും സമ്മതിച്ചില്ല’, സിദ്ധരാമയ്യ പറഞ്ഞു.
പിന്നീട് തനിക്ക് മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ലെന്നും എല്ലാവരെയും പോലെ താനും തന്റെ സമുദായത്തില്‍ നിന്ന് വിവാഹം ചെയ്തുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
മിശ്രവിവാഹത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയ സിദ്ധരാമയ്യ, ഇക്കാര്യങ്ങളില്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മിശ്ര വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്റെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
ജാതീയത ഇല്ലാതാക്കാന്‍ രണ്ട് വഴികളാണ് ഉള്ളതെന്നും അതിലൊന്ന് മിശ്രവിവാഹവും രണ്ടാമത്തേത് സാമൂഹികവും സാമ്പത്തികവുമായ ഉയര്‍ച്ചയുമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജാതീയത ഇല്ലാതാക്കാനും സമൂഹത്തില്‍ സമത്വം കെട്ടിപ്പടുക്കാനുമുള്ള ശ്രമങ്ങള്‍ ബുദ്ധന്റെയും പന്ത്രണ്ടാം നൂറ്റാണ്ടിലെ കര്‍ണാടകത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവായ ബസവേശ്വരന്റെയും കാലം മുതല്‍ നടന്നുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
തന്റെ ജാതി മൂലം നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മൗനത്തിലായ അദ്ദേഹത്തെ വേദിയിലുള്ളവര്‍ കയ്യടികളോടെ ആശ്വസിപ്പിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Karnataka Chief Minister Siddaramaiah says his caste was behind his loss of love