ബെംഗളൂരു: കര്‍ണാടകയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത പണം കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണെന്ന ബി.ജെ.പിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പണവുമായി ഒരു ബന്ധവുമില്ലെന്നും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനങ്ങള്‍ ഒറ്റക്കാണ് പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മകനില്‍ നിന്നും ഒരു കോണ്‍ട്രാക്ടറില്‍ നിന്നും പിടിച്ചെടുത്ത 42 കോടി രൂപ ഉള്‍പ്പെടെയുള്ള പണം കോണ്‍ഗ്രസുമായി ബന്ധമുള്ളതാണെന്നും സിദ്ധരാമയ്യ സര്‍ക്കാര്‍ സംസ്ഥാനത്തെ എ.ടി.എമ്മായി ഉപയോഗിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. താന്‍ അവരെ ബി.ജെ.പി കോണ്‍ട്രാക്ടര്‍മാര്‍ എന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ സിദ്ധരാമയ്യ ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ എവിടെയെന്നും ചോദിച്ചു.
‘ഈ ആരോപണം അടിസ്ഥാനരഹിതമായ രാഷ്ട്രീയ പ്രസ്താവനയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും കോണ്‍ട്രാക്ടര്‍മാരാണോ? ഞാന്‍ അവരെ ബി.ജെ.പി കോണ്‍ട്രാക്ടര്‍മാര്‍ എന്ന് വിളിക്കുന്നു. ആരോപിച്ചതിന്റെയൊക്കെ തെളിവുകളെവിടെയാണ്?’ സിദ്ധരാമയ്യ ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പണം ചോദിച്ച് അന്യസംസ്ഥാനങ്ങളില്‍ പോയിരുന്നില്ലെന്നും ജനങ്ങളാണ് അനുഗ്രഹിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
Content Highlights: Karnataka Chief Minister Siddaramaiah refuses BJP’s allegations