ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം. ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ദീപാവലി മധുരത്തിനൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി ഒരു ലക്ഷം രൂപ വരെ നല്‍കിയെന്നാണ് ആരോപണം.
ദീപാവലി മധുരങ്ങളടങ്ങിയ പെട്ടിക്കൊപ്പമാണ് പണം നല്‍കിയെന്ന പരാതിയുള്ളത്. പണം ലഭിച്ചെന്ന് ആരോപിക്കപ്പെട്ട പന്ത്രണ്ട് മാധ്യമപ്രവര്‍ത്തകരില്‍ രണ്ട് പേര്‍ ഇത്തരത്തില്‍ പണം വിതരണം നടന്നതായി സ്ഥിരീകരിച്ചു. ദി ന്യൂസ് മിനിട്ടാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്
‘മുഖ്യമന്തിയുടെ ഓഫീസില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദീപാവലി മധുരപലഹാരം എനിക്ക് ലഭിക്കുന്നത്. അത് തുറന്നപ്പോള്‍ അതില്‍ പണമുള്ള ഒരു കവര്‍ കണ്ടു. എത്രയുണ്ടെന്ന് എണ്ണാന്‍ പോയില്ല. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ തിരിച്ചയച്ചു.
പണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്തിയെന്ന് ഉറപ്പാക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു,’ ഇത്തരത്തില്‍ പണം ലഭിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ‘സ്വീറ്റ് ബോക്സ് കോഴ’ നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രിയിടെ മാധ്യമ ഉപദേഷ്ടാവിനെതിരെ കര്‍ണാടക ലോകായുക്ത പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ബസവരാജ് ബൊമ്മൈ സര്‍ക്കാരിനെതിരെ പൊതുമരാമത്ത് വകുപ്പിന്റെ കരാറുകളില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ ഈടാക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബൊമ്മൈക്കെതിരെ ‘പേ സി.എം’ പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു.
Content Highlight: Karnataka Chief Minister Basavaraj Bommai’s official allegedly paid money to journalists