ബെംഗളൂരു: കര്‍ണാടകയിലെ ഭരണത്തുടര്‍ച്ചയ്ക്കായി പ്രചരണത്തില്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്സ്. നിലവിലെ സ്ഥാനാര്‍ഥിപട്ടികയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത്.
നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് കാര്യമായ മാറ്റങ്ങള്‍ ഉള്ളത്. നിലവില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ പത്ത് ശതമാനം മാത്രമുള്ള ലിംഗായത്തുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച 218 സ്ഥാനാര്‍ത്ഥികളില്‍ 42 പേരും ലിംഗായത്ത് മത വിഭാഗത്തില്‍പ്പെടുന്നവരാണ്.
യുവാക്കള്‍ക്ക് സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ പ്രാധാന്യം ഇത്തവണ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 25നും 40നും ഇടയില്‍ പ്രായമുള്ള 24 യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാപ്രാതിനിധ്യം ഉറപ്പാക്കണമെന്ന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് 15 വനിതാ സ്ഥാനാര്‍ഥികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്.
എന്നാല്‍ ജനസംഖ്യയില്‍ 25 ശതമാനത്തോളം വരുന്ന പട്ടികജാതിയില്‍ നിന്നും 36 സ്ഥാനാര്‍ത്ഥികള്‍ മാത്രമാണുള്ളത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ 15 പേരാണ് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള മുസ്‌ലിം വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്.