| Friday, 24th May 2019, 4:51 pm

കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രതിസന്ധിയൊഴിഞ്ഞു; സഖ്യസര്‍ക്കാര്‍ ഭരണം പൂര്‍ത്തിയാക്കും; സഖ്യത്തെ തകര്‍ക്കാനാവില്ലെന്ന് നേതൃയോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: ഏറെ രാഷ്ട്രീയ ആശങ്കകള്‍ക്കൊടുവില്‍ കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയൊഴിഞ്ഞു. എച്ച്.ഡി കുമാരസ്വാമി തന്നെ സഖ്യസര്‍ക്കാരിന്റെ അഞ്ചുവര്‍ഷവും ഭരിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസില്‍ തീരുമാനമായി. നേതൃയോഗങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്-ജെ.ഡി.എസ് സംയുക്ത പ്രസ്താവനയിലാണ് സഖ്യം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സഖ്യസര്‍ക്കാരിനെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ഒരു നീക്കവും അനുവദിക്കില്ലെന്ന് യോഗം നിലപാട് സ്വീകരിച്ചു. ജെ.ഡി.എസ് സഖ്യം തുടരുമെന്ന് സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ജെ.ഡി.എസ് മുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കുമെന്ന സൂചനയും ഉയര്‍ന്നിരുന്നു.

കുമാരസ്വാമിയുടെ കീഴില്‍ സഖ്യസര്‍ക്കാര്‍ അഞ്ചുവര്‍ഷവും തുടരുമെന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും സഖ്യത്തെ ദുര്‍ബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളും അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് സഖ്യനേതാവ് സിദ്ധരാമയ്യ ഉറപ്പുനല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായെങ്കിലും സഖ്യത്തെ അത് ബാധിച്ചിട്ടില്ല. സംസ്ഥാന ഭരണം ഒരിക്കലും കൈവിടില്ല. സഖ്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാന്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും സംസ്ഥാനഭരണം അനുവാര്യമാണ്. അതുകൊണ്ടുതന്നെ സഖ്യത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഇരുപാര്‍ട്ടികളും തയ്യാറല്ല. സഖ്യം തകരുമെന്ന് നിരവധി അഭ്യൂഹങ്ങളും ആശങ്കകളും നിലനിന്നിരുന്നു. ഇവയെല്ലാം തള്ളിക്കൊണ്ടാണ് ഇരുപാര്‍ട്ടികളും സംയുക്തമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ പരമേശ്വരയ്യയുടെ വസതിയില്‍ യോഗം ചേര്‍ന്നത്. പിന്നാലെ കാബിനറ്റ് യോഗം വിളിച്ച് ഇക്കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. നേരത്തെ വിമത സ്വരങ്ങളുയര്‍ത്തിയവരടക്കം ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. നിലവിലെ സാഹചര്യത്തില്‍ പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ വേണ്ട എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

സംസ്ഥാനത്ത് 28 ലോക്സഭാ സീറ്റുകളില്‍ 25 ഉം ബി.ജെ.പിയാണ് നേടിയത്. 2 സീറ്റുകള്‍ വീതമാണ് കോണ്‍ഗ്രസിനും ജെ.ഡി.എസിനും ലഭിച്ചിട്ടുള്ളത്. എച്ച്.ഡി ദേവഗൗഡ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി തുടങ്ങിയ നേതാക്കളെല്ലാം പരാജയപ്പെട്ടു.
സഖ്യസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കോണ്‍ഗ്രസ് ദള്‍ കൂട്ടുകെട്ടിന് വന്‍ തിരിച്ചടി നേരിടേണ്ടിവന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്ലി, കൃഷ്ണ ബൈരെ ഗൗഡ ഈശ്വര്‍ ഖന്ദ്രെ, തുടങ്ങി കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടു. ഹസ്സനില്‍ പ്രജ്വല്‍ രേവണ്ണ വിജയിച്ചത് മാത്രമാണ് ദളിന് ആകെയുള്ള നേട്ടം. ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും ചെറുമകന്‍ നിഖില്‍ ഗൗഡയും പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

എന്‍.ഡി.എക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ തന്നെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സഖ്യ സര്‍ക്കാരിനെക്കുറിച്ച് ആശങ്കകളുയരുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more