| Thursday, 8th March 2018, 6:41 pm

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിദ്ധരാമയ്യയുടെ നീക്കം; കര്‍ണ്ണാടകയ്ക്ക് ഇനി മുതല്‍ സ്വന്തം ത്രിവര്‍ണ പതാക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ പുതിയ ത്രിവര്‍ണ പതാകയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ.  നാദ ധ്വജ എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രിവര്‍ണ പതാകക്ക് സംസ്ഥാന കാബിനറ്റ് അംഗീകാരം നല്‍കിയത്. സംസ്ഥാനത്തിന്റെ ചിഹ്നമായ ഗണ്ഢ ബരുണ്ട എന്ന മിത്തിക്കല്‍ പക്ഷിയും പതാകയുടെ നടുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട.

കര്‍ണാടക ഡവലപ്പ്മെന്റ് അതോറിറ്റിയാണ് പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് കര്‍ണാടക ഡവലപ്പ്മെന്റ് അതോറിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പതാക കൈമാറിയത്. പതാക ഏറ്റുവാങ്ങിയ മുഖ്യമന്ത്രി താന്‍ ഇത് കേന്ദ്രത്തിന് അയച്ചുകൊടുമെന്ന് ഉറപ്പുനല്‍കി. സംസ്ഥാനങ്ങള്‍ക്കും പതാകകള്‍ ഉണ്ടാകാമെന്നും നമ്മുടെ ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടകയ്ക്ക് സ്വന്തമായി ഒരു പതാകവേണമെന്നത് നേരത്തെയുള്ള ആവിശ്യമായിരുന്നു. മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരു പതാക സര്‍ക്കാറും കന്നഡ സംഘടനകളും അനൗദ്യോഗികമായി ഉപയോഗിച്ചിരുന്നു. സര്‍ക്കാര്‍ ചടങ്ങുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ഔദ്യോഗിക പതാക വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പതാക ഒരുക്കിയത്.

എന്നാല്‍ കമ്മിറ്റിയുടെ രൂപീകരണത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യ വിഭജനത്തിന്റെ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് ശോഭ കരന്ദലജെ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജനവികാരം തങ്ങള്‍ക്ക് എതിരാണെന്ന് മനസിലാക്കിയ ബി.ജെ.പി തല്‍ക്കാലം വിഷയത്തില്‍ മൗനം പാലിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. വിഷയത്തില്‍ സിദ്ധരാമയ്യ സര്‍ക്കാറിന് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more