| Monday, 2nd December 2019, 10:07 am

കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്; ഭൂരിപക്ഷം കുറഞ്ഞാല്‍ ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനും തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയ്‌ക്കെതിരെ കൈകോര്‍ക്കാന്‍ വീണ്ടും കോണ്‍ഗ്രസ്-ജെ.ഡി.എസ് ധാരണ.

ഉപതെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം നഷ്ടമായാല്‍ ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇരു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്.

15 മണ്ഡലങ്ങളില്‍ ആറിടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ ബി.എസ് യെദിയൂരപ്പയ്ക്ക് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം 15 ല്‍ 12 സീറ്റുകളിലും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രതികരിച്ചത്. അധികാരത്തില്‍ കോണ്‍ഗ്രസ് തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ ജെ.ഡി.എസിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു. 11 സീറ്റുകളിലെങ്കിലും വിജയിച്ചുകഴിഞ്ഞാല്‍ ജെ.ഡി.എസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കിയിരിക്കുമെന്ന് കോണ്‍ഗ്രസ് എം.പി ബി.കെ ഹരിപ്രസാദും പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസ് നിലപാട് കൂടി പരിഗണിച്ചാവും സഖ്യത്തില്‍ തീരുമാനമാകുകയെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് എന്‍.സി.പിയും കോണ്‍ഗ്രസും മഹാ വികാസ് അഘാഡി രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കിയത് കര്‍ണാടകയിലെ സാഹചര്യത്തിലും മാറ്റം വരുത്തുമെന്നാണ് രാഷ്ട്രീയനേതൃത്വത്തിന്റെ വിലയിരുത്തല്‍.

കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമെ യെദിയൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കുകയുള്ളു. ആറെണ്ണം ലഭിച്ചില്ലെങ്കില്‍ തൂക്കു മന്ത്രിസഭയ്ക്കാകും സാധ്യത.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more