| Tuesday, 6th November 2018, 7:19 pm

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം 2019 ലേക്കുള്ള ടീസറോ; ആശങ്കയോടെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: കര്‍ണാടകയില്‍ ഇന്ന് വന്ന തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ സൂചന. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ എന്നായിരുന്നു ഇരുമുന്നണികളും ഉപതെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്.

സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദേശീയ രാഷ്ട്രീയം ഒന്നടങ്കം ശ്രദ്ധ കേന്ദ്രീകരിച്ച തെരഞ്ഞെടുപ്പായിരുന്നു 2018 മേയ് മാസത്തില്‍ കര്‍ണാടകയില്‍ നടന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും ജെ.ഡി.എസുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം യാഥാര്‍ത്ഥ്യമാകുകയും കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകുകയുമായിരുന്നു. ഉത്തര്‍പ്രദേശില്‍ അതിന് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതരകക്ഷികളെ ഒരുമിപ്പിച്ച് നേടിയ ജയത്തിന്റെ തുടര്‍ച്ചയായിരുന്നു കര്‍ണാടകയില്‍ കണ്ടത്.

ALSO READ: ഷിമോഗയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് ബി.ജെ.പി; മറ്റുനാലിടങ്ങളിലും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് ജയം

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് ആദ്യ ഉദാഹരണം നല്‍കിയ കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് സാക്ഷ്യം വഹിക്കാന്‍ ദേശീയതലത്തില്‍ പ്രതിപക്ഷനിരയിലെ നേതാക്കളെല്ലാം എത്തിയെന്നതും ശ്രദ്ധേയമായിരുന്നു.

എന്നാല്‍ വിരലിലെണ്ണാവുന്ന ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ വെല്ലുവിളി. അതിന് അവര്‍ ഓപ്പറേഷന്‍ 2.0 എന്ന പദ്ധതിയും മുന്നോട്ടുവെച്ചു. എന്നാല്‍ കര്‍ണാടകയില്‍ നേടിയ ഈ ജയം കുമാരസ്വാമി സര്‍ക്കാരിന് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.

ഓപ്പറേഷന്‍ ലോട്ടസ് എന്ന പേരില്‍ എം.എല്‍.എമാരെയും പാര്‍ട്ടി നേതാക്കളെയും ചാക്കിട്ടുപിടിക്കുന്നതിന് ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്ക് ജനാധിപത്യരീതിയില്‍ മറുപടി കൊടുക്കാനും കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനായി എന്നത് ദേശീയതലത്തില്‍ വിശാല പ്രതിപക്ഷ നീക്കങ്ങള്‍ക്കും ശക്തിപകരും.

ടി.ഡി.പി അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനോടകം കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. എസ്.പി, ബി.എസ്.പി, സി.പി.ഐ.എം, സി.പി.ഐ, എ.എ.പി, ഡി.എം.കെ പാര്‍ട്ടികളും ബി.ജെ.പി ഇതരസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞവരാണ്.

ALSO READ: മോദിയുടെ ദുര്‍ഭരണം അവസാനിക്കുന്ന അന്ന് ഇന്ത്യ യഥാര്‍ത്ഥ ദീപാവലി ആഘോഷിക്കും; ചന്ദ്രബാബു നായിഡു

മാത്രമല്ല നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തുടനീളം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്ക് ദയനീയ പരാജയമാണ് നേരിടേണ്ടി വരുന്നത്. മാത്രമല്ല ശിവസേനയടക്കമുള്ള സഖ്യകക്ഷികള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

പരാജയഭീതി പൂണ്ടിട്ടാണ് രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും സജീവ ചര്‍ച്ചയാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്നും വ്യക്തം. സര്‍ക്കാരിനെതിരായ ദളിത് പ്രതിഷേധവും 2019 ല്‍ തിരിച്ചടിയാകും. പരമ്പരാഗത സാമുദായിക ശക്തികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബി.ജെ.പി കഴിയുന്നില്ലെന്നും ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.

കര്‍ണാടകയിലെ മൂന്ന് ലോക്‌സഭാ സീറ്റുകളില്‍ ഷിമോഗയില്‍ മാത്രമാണ് ബി.ജെ.പി രക്ഷപ്പെട്ടത്. 15 വര്‍ഷം ബല്ലാരിയില്‍ ബി.ജെ.പി നിലനിര്‍ത്തിയ അപ്രമാദിത്വം തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം നേടിയ വന്‍ വിജയം ദേശീയതലത്തില്‍ വിശാല പ്രതിപക്ഷ ഐക്യം എന്ന ആലോചനയ്ക്ക് ശക്തിപകരുന്നതാണ്.

ALSO READ: ഇത് വെറും തുടക്കം മാത്രം; ഒരുമിച്ച് നിന്ന് 28 ലോക്‌സഭാ സീറ്റും നേടും, അതാണ് ലക്ഷ്യം; നിലപാട് വ്യക്തമാക്കി കുമാരസ്വാമി

1999നുശേഷം ഇതാദ്യമായാണ് ബെല്ലാരി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്. രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ജയമെന്നത് ബി.ജെ.പി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

1999ല്‍ വിജയിച്ച സോണിയാ ഗാന്ധിയായിരുന്നു ബെല്ലാരിയില്‍ അവസാനമായി വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2004ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കരുണാകര റെഡ്ഡിയാണ് ബെല്ലാരിയില്‍ ബി.ജെ.പി യുഗത്തിന് തുടക്കം കുറിച്ചത്. പിന്നീട് 2009ലും 2014 ലും ബി.ജെ.പി വിജയം ആവര്‍ത്തിച്ചു.

മുസ്ലീങ്ങള്‍, കുറുംബ, ലിംഗായത്തുകള്‍, മഡിക, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവരുടെ വലിയ ശതമാനം വോട്ട് ഇവിടെ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാല്‍മീകി, മറ്റ് പട്ടികജാതി സമുദായങ്ങള്‍ എന്നിവരുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചെന്നാണ് വിലയിരുത്തല്‍.

ഉപതെരഞ്ഞെടുപ്പു നടന്ന ഷിമോഗ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയുടെ മകനുമായ ബി.വൈ രാഘവേന്ദ്ര 52148 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷിമോഗയില്‍ വിജയിച്ചത്.

ALSO READ: കര്‍ണാടകയില്‍ ബി.ജെ.പി തീര്‍ന്നു; രാജ്യത്ത് ഇനി മാറ്റത്തിനുള്ള സമയം; കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ്

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ് യെദ്യൂരപ്പ മൂന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്. എന്നാലിപ്പോള്‍ മകന് 52148 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചിട്ടുള്ളത്.

രാമനഗര, ജാഖണ്ഡി നിയമസഭാ മണ്ഡലങ്ങളിലും ബെല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലുമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം വിജയിച്ചത്.

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയായ അനിത കുമാരസ്വാമിയാണ് രാമനഗരയില്‍ മത്സരിച്ചത്. ബി.ജെ.പിയുടെ എല്‍ ചന്ദ്രശേഖരയായിരുന്നു അനിതയുടെ എതിരാളി. 70,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അനിത വിജയിച്ചത്.

ജാംഖണ്ഡിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ.എസ് ന്യാമഗൗഡയാണ് വിജയിച്ചത്. നേരത്തെ ജാംഖണ്ഡി പിടിച്ചെടുക്കുമെന്ന് ബി.ജെ.പി അവകാശവാദം ഉന്നയിച്ചിരുന്നു.

മാണ്ഡ്യയില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയാണ് വിജയിച്ചത്. ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.എസ് ഉഗ്രപ്പയും വിജയിച്ചു. രണ്ടുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബെല്ലാരിയിലെ വിജയം.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more