| Wednesday, 10th October 2018, 8:50 am

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും ബി.ജെ.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: പതിനാറാം ലോക്‌സഭയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. സംസ്ഥാനത്തെ ഒഴിവുള്ള മൂന്ന് ലോകസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കമ്മീന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കി.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെദിയൂരപ്പയും കോണ്‍ഗ്രസിലെ പ്രമുഖ നേതാവുമാണ് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നത്. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കുകൂട്ടിയത്.


Read Also : ഇന്ത്യന്‍ രൂപ കോമയിലാണിപ്പോള്‍; സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ രാജ്യദ്രോഹിയാക്കുന്നുവെന്നും യശ്വന്ത് സിന്‍ഹ


വെറും നാല് മാസത്തേയ്ക്ക് മാത്രം തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇത്രയും ചെറിയ കാലയളവിലേക്ക് മത്സരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് നേതാക്കളും പറയുന്നു.

അതേസമയം ഉപതെരഞ്ഞെടുപ്പുകള്‍ സംയുക്തമായി നേരിടാനാണ് കോണ്‍ഗ്രസിന്റെയും ജനതാദള്‍ എസിന്റെയും (ജെഡിഎസ്) ധാരണ. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ സീറ്റുകളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഖ്യ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തിലെ വിശാല സഖ്യനീക്കങ്ങള്‍ക്ക് തറക്കല്ല് പാകിയ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനും ജെ.ഡി.എസി.നും ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

ശിവമൊഗ, ബെള്ളാരി, മാണ്ഡ്യ, രാമനഗര, ജംഖണ്ഡി മണ്ഡലങ്ങളിലാണ് ഉപതതെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പി നേതാക്കളായ ബി.എസ് യെദിയൂരപ്പയും ബി ശ്രീരാമലുവും എം.എല്‍.എമാരായപ്പോള്‍ ഒഴിവുവന്ന സീറ്റുകളാണ് ശിവമൊഗയും ബെളളാരിയും. ജെ.ഡി.എസിലെ സി.എസ് പുട്ടരാജു മന്ത്രിയായപ്പോള്‍ മാണ്ഡ്യയിലും ഒഴിവുവന്നു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവച്ച രാമനഗരയും വാഹനാപകടത്തില്‍ മരിച്ച കോണ്‍ഗ്രസ് എം.എല്‍.എ സിദ്ധനാമ ഗൗഡയുടെ മണ്ഡലമായ ജംഖണ്ഡിയും ഉപതരെഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളാണ്.

കോണ്‍ഗ്രസും ജെ.ഡി.എസും ഒരുമിച്ച് നേരിടാന്‍ ഒരുങ്ങുന്ന വലിയ തെരഞ്ഞെടുപ്പാണിത്. നാല് മാസം തികച്ച സഖ്യത്തിന് ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായാല്‍ നേട്ടമാകും. മാണ്ഡ്യയിലും രാമനഗരയിലും പ്രതീക്ഷവെക്കാത്ത ബിജെപിക്ക് സിറ്റിങ് സീറ്റുകളില്‍ വോട്ട് കുറയാതെ നോക്കുകയാണ് വെല്ലുവിളി. യെദിയൂരപ്പയുടെ മകനെയും ശ്രീരാമലുവിന്റെ സഹോദരിയെയും സ്ഥാനാര്‍ത്ഥികളാക്കാനാണ് പാര്‍ട്ടിയിലെ ധാരണ. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ണായകമായാണ് കാണുന്നത്.

We use cookies to give you the best possible experience. Learn more