| Saturday, 23rd November 2024, 11:38 am

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; മൂന്ന് സീറ്റിലും വമ്പന്‍ ലീഡുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് ആശ്വാസം.

തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ഷിഗ്ഗോണ്‍, സണ്ടൂര്‍, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഷിഗ്ഗോണില്‍ 355 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്‌മദ്ഖാന്‍ ലീഡ് ചെയ്യുകയാണ്. 49177 വോട്ടുകളാണ് ഇതുവരെ പത്താന്‍ യാസിറഹ്‌മദ്ഖാന്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 48822 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനാണ് ഭരത് ബൊമ്മൈ.

സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 8239 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്. 78277 വോട്ടുകളാണ് ഇതുവരെ ഇ. അന്നപൂര്‍ണ നേടിയത്. 70038 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബംഗാര ഹനുമന്തയാണ് രണ്ടാം സ്ഥാനത്ത്.

ചന്നപട്ടണയില്‍ 73143 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വര മുന്നേറുകയാണ്. 22063 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ലീഡ് തുടരുന്നത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമിയാണ് രണ്ടാം സ്ഥാനത്ത്. 51080 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്.

മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമാണ് നിഖിൽ കുമാരസ്വാമി.

ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് സിറ്റിങ് എം.എൽ.എമാർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരത് ബൊമ്മൈയുടെയും നിഖിൽ കുമാരസ്വാമിയുടെയും സ്ഥാനാർത്ഥിത്വം കർണാടകയിലെ കുടുംബരാഷ്ട്രീയത്തിലേക്കുള്ള മൂന്നാം തലമുറയുടെ കടന്നുവരവായിരുന്നു.

Content Highlight: Karnataka by-election; Congress with huge lead in all three seats

We use cookies to give you the best possible experience. Learn more