| Sunday, 27th November 2022, 6:16 pm

ബി.ജെ.പി എം.പിയുടെ ഭീഷണിയില്‍ ബസ് സ്റ്റോപ്പ് മാറ്റിപ്പണിതു; 'മുസ്‌ലിം പള്ളിയോട് സമാനമായ സ്വര്‍ണനിറവും മിനാരങ്ങളും' നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പി എം.പിയുടെ ഭീഷണിയെ തുടര്‍ന്ന് മൈസൂരുവിലെ ബസ് സ്റ്റോപ്പിന്റെ മുകള്‍ഭാഗം മാറ്റിപ്പണിതു. ബസ് സ്റ്റോപ്പിന്റെ മേല്‍ക്കൂര മുസ്‌ലിം പള്ളികളുടേതിന് സമാനമാണെന്നും അത് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റുമെന്നുമായിരുന്നു ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ ഭീഷണി.

ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ബസ് സ്റ്റോപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ സ്വര്‍ണ നിറത്തിലുള്ള മൂന്ന് മിനാരങ്ങളായിരുന്നു ബസ് സ്‌റ്റോപ്പിന്റെ മേല്‍ക്കൂരയിലുണ്ടായിരുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളില്‍ ഒരു മിനാരം മാത്രമാണുള്ളത്.

സ്വര്‍ണനിറം മാറ്റി ചുവന്ന നിറത്തിലുള്ള പെയിന്റും അടിച്ചിട്ടുണ്ട്. ബസ് സ്റ്റോപ്പിന്റെ പുതിയ രൂപത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ കോല്ലേഗല സെക്ഷനിലെ ദേശീയപാതയിലാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നത്. ബി.ജെ.പി എം.എല്‍.എ രാംദാസ് പ്രതിനിധീകരിക്കുന്ന കൃഷ്ണരാജ അസംബ്ലി മണ്ഡലത്തിലാണ് ഇത്. നവംബര്‍ പകുതിയോടെയാണ് ബസ് സ്‌റ്റോപ്പിനെതിരെ പ്രതാപ് സിംഹ രംഗത്തു വരുന്നത്.

”മിനാരങ്ങളുള്ള ഒരു ബസ് സ്റ്റോപ്പിന്റെ ചിത്രങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അതില്‍ മൂന്ന് മിനാരങ്ങളുണ്ട്. ഒരു വലിയതും അതിന്റെ രണ്ട് വശത്തുമായി രണ്ട് ചെറിയതും.

അത് ഒരു മസ്ജിദാണ്. ആ നിര്‍മിതി പൊളിച്ചുമാറ്റണമെന്ന് ഞാന്‍ എഞ്ചിനീയര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവരത് ചെയ്തില്ലെങ്കില്‍ ഞാന്‍ തന്നെ ഒരു ജെ.സി.ബിയെടുത്ത് ആ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റും,” എന്നായിരുന്നു പ്രതാപ് സിംഹ ഒരു ചടങ്ങില്‍ വെച്ച് പറഞ്ഞത്

ഇതിന് പിന്നാലെ, എം.എല്‍.എ രാംദാസിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് മൈസൂര്‍ സിറ്റി അധികൃതരാണ് ബസ് സ്റ്റോപ് നിര്‍മിച്ചതെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയിരുന്നു.

എം.പി പ്രതാപ് സിംഹയുടെ പരാമര്‍ശം തീര്‍ത്തും ‘നിര്‍ഭാഗ്യകരമാണ്’ എന്നാണ് എം.എല്‍.എ എസ്.എ. രാംദാസ് പ്രതികരിച്ചിരുന്നത്. ബസ് സ്റ്റോപ്പ് നിര്‍മിച്ചത് മൈസൂര്‍ കൊട്ടാരത്തിന്റെ നിര്‍മിതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണെന്നും എം.എല്‍.എ പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് തന്റെ നിലപാട് തിരുത്തിയ എം.എല്‍.എ ഖേദം പ്രകടിപ്പിച്ചിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ വന്നതിനാല്‍ രണ്ട് മിനാരങ്ങള്‍ മാറ്റുകയാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നുമായിരുന്നു രാംദാസ് പുറത്തുവിട്ട തുറന്ന കത്തില്‍ പറഞ്ഞിരുന്നത്.

സിംഹയുടെ പരാതിയെ തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റിയും ഇടപെട്ടിരുന്നു. ബസ് സ്റ്റോപ്പ് വിവാദങ്ങളുണ്ടാക്കുന്നതിനാല്‍ ഒരാഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മൈസൂരു സിറ്റി കോര്‍പറേഷനും കര്‍ണാടക റൂറല്‍ ഇന്‍ഫ്രാ സ്‌ട്രെകച്ചര്‍ ഡെവലപ്പ്‌മെന്റ് ലിമിറ്റഡിനും എന്‍.എച്ച്.എ.ഐ നോട്ടീസ് നല്‍കിയിരുന്നു.

ബസ് സ്റ്റോപ്പിന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച പ്രതാപ് സിംഹ ബി.ജെ.പി എം.എല്‍.എക്കും ജില്ലാ അധികൃതര്‍ക്കും നന്ദി പറഞ്ഞിട്ടുണ്ട്.

Content Highlight: Karnataka Bus Stop changed to new look after BJP MP’s threat

We use cookies to give you the best possible experience. Learn more