ബെംഗളൂരു: കര്‍ണാടകയിലെ ചിക്കബെല്ലാപുരില്‍ സ്വകാര്യ ബസ്സും മിനി വാനും കൂട്ടിയിടിച്ച് മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് 12.20ഓടെ ചിന്താമണിക്ക് സമീപമുള്ള ബാഗലഹള്ളിയിലാണ് അപകടമുണ്ടായത്.
പെരുമ്പാവൂര്‍ സൗത്ത് വല്ലം- റയോണ്‍ പുരം മൂക്കട ഇത്തിക്കനാലി അബ്ദുല്‍ റഹ്മാന്റെ മകന്‍ സിദ്ദീഖ് (50) ഭാര്യ റെജീന (48) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റു ഒമ്പത് പേര്‍ കര്‍ണാടക സ്വദേശികളാണ്.
മുരുഗമല്ലയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവല്‍സ് എന്ന സ്വകാര്യ ബസ് ചിന്താമണിയില്‍നിന്നും മുരുഗമല്ലയിലെ ദര്‍ഗയിലേക്ക് തീര്‍ഥാടനത്തിന് പോവുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ടാറ്റ ഏയ്‌സ് മിനി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മിനി വാന്‍ പൂര്‍ണമായും തകര്‍ന്നു. വാന്‍ വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മരിച്ച 11പേരും മിനി വാനിലുണ്ടായിരുന്നവരാണ്.
11പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പരിക്കേറ്റവരെ ചിക്കബെല്ലാപുര, കോലാര്‍ ജില്ല ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും പൊലിസ് അറിയിച്ചു. അമിത വേഗത്തിലെത്തിയ ബസ് ബാഗലഹള്ളിയിലെ വളവില്‍ വെച്ച് നിയന്ത്രണം വിട്ട് മിനി വാനില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടം നടന്ന ഉടനെ ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. സിദ്ദീഖ് പെരുമ്പാവൂരിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മക്കള്‍: മാഹിന്‍, ബീമ, ഫാത്തിമ. മരുമകന്‍: നിജാസ്.