| Sunday, 31st May 2020, 4:37 pm

ബി.ജെ.പിയില്‍ താനും സഹോദരനും കാലങ്ങളായി പീഡനം അനുഭവിക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ്; കര്‍ണാടക സര്‍ക്കാര്‍ തമ്മിലടി കാരണം താഴെ വീഴുമെന്ന് സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകത്തിലെ ബി.ജെ.പിയില്‍ താനും സഹോദരന്‍ ഉമേഷ് ഖട്ടിയും കാലങ്ങളായി പീഡനം അനുഭവിക്കുകയാണെന്ന് മുന്‍ എം.പിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രമേഷ് ഖട്ടി. ഉമേഷ് ഖട്ടിയുടേയും രമേഷ് ഖട്ടിയുടെയും നേതൃത്വത്തില്‍ ബി.ജെ.പിയുടെ ഒരു വിഭാഗം എം.എല്‍.എമാര്‍ രഹസ്യ യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ഈ പ്രതികരണം.

തമ്മിലടി കാരണം സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇപ്പോഴത്തെ സംഭവ വികാസങ്ങളോട് പ്രതികരിച്ചത്. ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ അവകാശപ്പെടുന്നത് പോലെ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും രാജിവെക്കില്ലെന്നും എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ തമ്മിലടി കാരണം താഴെ വീഴുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

യെദിയൂരപ്പ സര്‍ക്കാര്‍ അങ്ങേയറ്റം അഴിമതി നടത്തുകയാണെന്നും അതിനാല്‍  സര്‍ക്കാര്‍ താഴെ വീഴണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. 22 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്നുള്ള രമേഷ് ജര്‍ക്കിഹോളിയുടെ പ്രസ്താവന ബി.ജെ.പിക്കകത്തെ തമ്മിലടി മറച്ചുവെക്കാന്‍ പറയുന്നതാണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ നടത്തിയ പ്രതികരണത്തെ കുറിച്ചും സിദ്ധരാമയ്യ പ്രതികരിച്ചു. ബി.ജെ.പി പുകയുകയാണ്. യത്‌നാല്‍ പറഞ്ഞത് യെദിയൂരപ്പ തന്റെ നേതാവല്ല, അദ്ദേഹം വെറും മുഖ്യമന്ത്രി മാത്രമാണെന്നാണ്. എന്ത് സന്ദേശമാണ് അദ്ദേഹം കൈമാറാന്‍ ഉദ്ദേശിക്കുന്നത്?. ബി.ജെ.പിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളാല്‍ സര്‍ക്കാര്‍ താഴെ വീണാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more