കര്‍ണാടകയില്‍ ഡി.കെയുടെ നീക്കത്തില്‍ പതറി ബി.ജെ.പി; കൂറുമാറിയവര്‍ക്ക് എം.എല്‍.സി സീറ്റില്‍ ആദ്യ പരിഗണന
national news
കര്‍ണാടകയില്‍ ഡി.കെയുടെ നീക്കത്തില്‍ പതറി ബി.ജെ.പി; കൂറുമാറിയവര്‍ക്ക് എം.എല്‍.സി സീറ്റില്‍ ആദ്യ പരിഗണന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th June 2020, 5:38 pm

ബെംഗലൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് കര്‍ണാടക രാഷ്ട്രീയം. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച് രാജിവെച്ച് ബി.ജെ.പിയിലെത്തിയവരെ എം.എല്‍.സി സീറ്റിലേക്ക് പരിഗണിക്കാനാണ് ബി.ജെ.പി നീക്കം. അവര്‍ക്ക് പ്രതിഫലമെന്നോണമാണ് ബി.ജെ.പി സീറ്റ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാക്കളെ പരിഗണിച്ചാണ് ബി.ജെ.പി ആദ്യ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പ്രതാപ് സിംഹ നായക്, എം.ടി.ബി നാഗരാജ്, ആര്‍ ശങ്കര്‍, സുനില്‍ വല്യപുരെ എന്നിവരുടെ പേരുകളാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് എം.എല്‍.സി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

മുന്‍ കോണ്‍ഗ്രസ് നേതാവും പ്രമുഖ വ്യവസായിയുമായ എം.ടി.ബി നാഗരാജ് എം.എല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ ഹൊസ്‌കൊട്ടെ മണ്ഡലത്തില്‍നിന്നും മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ താന്‍ കോണ്‍
ഗ്രസിന് ഒപ്പമാണെന്ന് പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ വാക്കുമാറി ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍, ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ജെ.ഡി.എസ് സംസ്ഥാനാധ്യക്ഷന്‍ എച്ച് വിശ്വനാഥനെ ബി.ജെ.പി ഈ തെരഞ്ഞെടുപ്പിലേക്ക് ഇതുവരെ പരിഗണിച്ചിട്ടില്ല.

ബി.കെ ഹരിപ്രസാദും നസീര്‍ അഹമ്മദുമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍.

സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസില്‍നിന്നും വിട്ടുപോയവരെയും ചില ബി.ജെ.പി നേതാക്കളെയും പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കുകയാണ് ഡി.കെ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ നീക്കങ്ങള്‍ ശക്തമാണെന്നും പലരും തന്നെ ബന്ധപ്പെട്ടെന്നും ഡി.കെ ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഡി.കെ ശിവകുമാറിന്റെ നീക്കങ്ങള്‍ ബി.ജെ.പി കേന്ദ്രങ്ങളെ പരിഭ്രാന്തിയിലാക്കുന്നുണ്ടെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ