ബെംഗളൂരൂ: പോപ്പുലര്‍ ഫ്രണ്ടിനെ പോലെ കോണ്‍ഗ്രസിനേയും നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യം നശിപ്പിക്കുമെന്ന് മഹാത്മാ ഗാന്ധിക്ക് ബോധ്യമുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിടാന്‍ ഗാന്ധി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
‘പി.എഫ്.ഐ, എസ്.ഡി.പി.ഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), കെ.എഫ്.ഡി (കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി) തുടങ്ങിയ സംഘടനകള്‍ക്ക് കോണ്‍ഗ്രസ് സഹായം നല്‍കുന്നുണ്ട്.
അതിനാല്‍ കോണ്‍ഗ്രസിനെ രാജ്യത്ത നിന്ന് നിരോധിക്കണം. അല്ലെങ്കിലത് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണ്.’ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ച പശ്ചാത്തലത്തിലാണ് നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ വേണ്ടി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു
അതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ച സി.ബി.ഐ റെയ്ഡ് നടന്നിരുന്നു. ഈ സംഭവവും
ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താനുള്ള ബി.ജെ.പി പദ്ധതിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
വ്യാഴാഴ്ച കേരള പര്യടനം പൂര്‍ത്തിയാക്കിയ ഭാരത് ജോഡോ യാത്രക്ക് ഗുണ്ടുല്‍പേട്ടിലെ ചാമരാജനഗരത്തില്‍ കര്‍ണാടക പി.സി.സി വലിയ വരവേല്‍പ്പാണ് നല്‍കിയത്.
CONTENT HIGHLIGHTS: Karnataka BJP president Nalin Kumar Kattil demands ban on Congress like Popular Front