ബെംഗളൂരു: ഇന്ത്യൻ ഭരണഘടനയുടെ ഭൂരിഭാഗവും തിരുത്തി എഴുതേണ്ടതാണെന്ന പ്രസ്താവനയുമായി കർണാടക ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്‌ഡെ. പ്രസ്താവന വിവാദമയതോടെ വ്യാപക വിമർശനങ്ങളാണ് എ.പിക്കെതിരെ ഉയരുന്നത്.
ഹിന്ദുമതത്തെ തരംതാഴ്ത്താൻ മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ടെന്നും അതിനാൽ ഭരണഘടനയുടെ ഭൂരിഭാഗവും തിരുത്തി എഴുതണമെന്നുമാണ് എം.പി പറഞ്ഞത്. അതിനാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 400 സീറ്റുകളിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എല്ലാവരും ബി.ജെ.പിയെ 400ലധികം സീറ്റുകൾ നേടാൻ സഹായിക്കണം. മുൻ കാലങ്ങളിൽ ഹിന്ദു മതത്തെ തരം താഴ്ത്താൻ കോൺഗ്രസ് ഭരണഘടന മാറ്റി എഴുതി. ലോക്‌സഭയിൽ ഞങ്ങൾക്ക് ഇതിനകം മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്. 400ലധികം സീറ്റുകൾ കൂടെ ലഭിച്ചാൽ ഭരണഘടന മാറ്റി എഴുതാൻ ബി.ജെ.പിക്ക് സാധിക്കും,“ഹെഗ്‌ഡെ പറഞ്ഞു.
ഹെഗ്‌ഡെയുടെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. എം.പിയുടെ പ്രസ്താവനയിലൂടെ നരേന്ദ്ര മോദിയുടെയും സംഘപരിവാറിൻ്റെയും ഗൂഢ ലക്ഷ്യങ്ങൾ പരസ്യമായെന്ന് രാഹുൽ പറഞ്ഞു. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
“നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ആത്യന്തിക ലക്ഷ്യം ബാബാ സാഹിബിൻ്റെ ഭരണഘടന തകർക്കുക എന്നതാണ്. അവർ നീതി, സമത്വം, പൗരാവകാശങ്ങൾ, ജനാധിപത്യം എന്നിവയെ വെറുക്കുന്നു.”ബി.ജെ.പിയുടെ ഗൂഢാലോചനകൾ വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾക്കായി അവസാന ശ്വാസം വരെ പോരാടും,” രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി കർണാടക സർക്കാർ സംസ്ഥാനവ്യാപകമായി ‘ ഭരണഘടനാ അവബോധ പരിപാടി ‘ സംഘടിപ്പിക്കുന്നതിനിടയിലാണ് വിവാദ പരാമർശവുമായി എം.പി രംഗത്തെത്തിയത്. അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റുമെന്ന് ചിലർ അവകാശപ്പെടുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ പ്രതികരിച്ചിരുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ശക്തി എന്താണെന്നറിയാത്ത നേതാക്കളാണ് ഇത്തരത്തിൽ നിരുത്തരവാദപരമായ അഭിപ്രായപ്രകടനം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “നമ്മുടെ ഇന്ത്യൻ ഭരണഘടന എത്ര മഹത്തരമാണെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടായിരിക്കണം. അതിനെക്കുറിച്ച് പഠിക്കാൻ ഈ പരിപാടി സഹായിക്കും,” സിദ്ധരാമയ്യ പറഞ്ഞു.
Content Highlight: Karnataka BJP MP calls for ‘rewriting constitution’