|

പാര്‍ട്ടി വിടുന്നുവെന്ന പ്രഖ്യാപനവുമായി ബി.ജെ.പി നേതാവ്: ഒരാഴ്ചക്കിടെ ബി.ജെ.പി വിട്ടത് മൂന്ന് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടക ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. കര്‍ണാടക എം.എല്‍.സി ആയിരുന്ന അയനുര്‍ മഞ്ജുനാഥ് ആണ് പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ബി.ജെ.പി വിടുമെങ്കിലും തെരഞ്ഞെടുപ്പില്‍ ശിവമോഗ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി തനിക്ക് ടിക്കറ്റ് നല്‍കുന്നില്ലെന്നും പകരമായി തന്റെ മക്കളുടേയും മറ്റ് പരിചയക്കരുടേയും പേരുകളാണ് ഉയരുന്നതെന്നും ഇതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘തെരഞ്ഞെടുപ്പ് ടിക്കറ്റിനായി ബി.ജെ.പിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പകരമായി എന്റെ മക്കളുടേയും മറ്റ് ചില നേതാക്കളുടേയും പേരുകളാണ് ഉയരുന്നത്. ഇക്കുറി തെരഞ്ഞെടുപ്പില്‍ എന്തായാലും മത്സരിക്കും. എം.എല്‍.സി സ്ഥാനത്തുനിന്നും എത്രയും പെട്ടെന്ന് രാജിവെക്കും,’ മഞ്ജുനാഥ് പറഞ്ഞു.

രാജിക്കത്ത് ചൊവ്വാഴ്ച കൗണ്‍സില്‍ ചെയര്‍പേഴ്‌സണ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് പാര്‍ട്ടിയിലേക്ക് മാറുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി എം.എല്‍.സിമാരായിരുന്ന പുട്ടണ്ണ, ബാബുറാവു ചിഞ്ചാന്‍സുര്‍ തുടങ്ങിയവര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുനാഥിന്റെ രാജി പ്രഖ്യാപനം.

ശിവമോഗയില്‍ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ അയനൂര്‍ മഞ്ജുനാഥ് തനിക്ക് പറ്റിയ എതിരാളിയല്ലെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ കൂടിയാണ് മഞ്ജുനാഥിന്റെ മത്സര
പ്രഖ്യപാനം.

മെയ് 10നാണ് കര്‍മാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒറ്റഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് വോട്ടെണ്ണും. 224 മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. മെയ് 24നാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക.

Content Highlight: Karnataka BJP MLC Ayanur Manjunath resigns from party