| Friday, 10th June 2022, 2:49 pm

'ഞാന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്, എനിക്കതാണ് ഇഷ്ടം'; രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ജെ.ഡി(എസ്) എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ തമ്മില്‍ ശക്തമായ മത്സരം നിലനില്‍ക്കെ അവസാന നിമിഷത്തില്‍ ‘ട്വിസ്റ്റു’മായി കര്‍ണാടക ജനതാദള്‍ (എസ്). തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയ കര്‍ണാടകയുടെ ജെ.ഡി (എസ്) എം.എല്‍.എ വോട്ട് ചെയ്തത് കോണ്‍ഗ്രസിനാണെന്ന വാര്‍ത്തകള്‍ എത്തിയതോടെ ജെ.ഡി.എസില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.

വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം എം.എല്‍.എ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്, കാരണം എനിക്കത് ഇഷ്ടമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ തന്റെ പാര്‍ട്ടി എം.എല്‍.എമാരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതായി ജെ.ഡി(എസ്) മേധാവി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മന്‍സൂര്‍ അലി ഖാന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുമാരസ്വാമി ഒരു തുറന്ന കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ജെ.ഡി (എസ്) എം.എല്‍.എ കോണ്‍ഗ്രസിന് വോട്ട് ചെയ്തതായി വ്യക്തമാക്കിയത്.

കൂറ്മാറ്റം ഭയന്ന് കര്‍ണാടയില്‍ എം.എല്‍.എമാരെ ജെ.ഡി(എസ്) റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കക്ഷിനില പരിഗണിച്ചാല്‍ ബി.ജെ.പിയ്ക്ക് രണ്ട് സീറ്റില്‍ വിജയം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 224 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ഇതില്‍ 69പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. കോണ്‍ഗ്രസിന്റെ കക്ഷി നില പരിഗണിച്ചാല്‍ ഒരു സീറ്റില്‍ വിജയം ഉറപ്പാണ്. ജെ.ഡി.എസിന് 32 എം.എല്‍.എമാരും ഒരു സ്വതന്ത്രനുമാണുള്ളത്.

45 വോട്ടുകളാണ് ഒരോ സ്ഥാനാര്‍ത്ഥിക്കും ജയിക്കാന്‍ ആവശ്യമായുള്ളത്.

വിജയമുറപ്പായ സീറ്റുകളില്‍ കൂടുതല്‍ സാധ്യതകളുള്ള സ്ഥാനാര്‍ത്ഥികളെ തന്നെയാണ് എല്ലാ പാര്‍ട്ടികളും നിര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനായി ജയറാം രമേശ് മത്സരിക്കുമ്പോള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുക. കര്‍ണാടക ബി.ജെ.പി വക്താവും നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ പ്രശസ്തനായ ജഗ്ഗേഷും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കായി മത്സരിക്കുന്നുണ്ട്.

Content Highlight: karnataka bjp mla votes for congress in rajyasabha election

We use cookies to give you the best possible experience. Learn more