ബംഗളുരു: കർണാടകത്തിൽ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്കെതിരെ വിമതനീക്കവുമായി വീണ്ടും എം.എൽ.എമാർ രംഗത്തെത്തിയ വാർത്ത ചർച്ചയാകവെ വിഷയത്തിൽ പ്രതികരണവുമായി ബിജാപൂരിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ബസനഗൗഡ പട്ടീൽ യത്ന. ഇപ്പോൾ പറയാൻ പറ്റാത്ത പലകാര്യങ്ങളും ഉണ്ടെന്നും ഇതെല്ലാം പാർട്ടിയിൽ ചർച്ചയാകും എന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
എട്ടുതവണ എം.എൽ.എയായ മുതിർന്ന ലിംഗായത്ത് നേതാവ് ഉമേഷ് കട്ടിയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള എതിർപ്പിനെ തുടർന്നുള്ള വിമത നീക്കം കർണാടകത്തിൽ സജീവമായതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി അദ്ദേഹം രംഗത്ത് എത്തിയത്.
ഇരുപത് എം.എൽ.എമാരാണ് ഉമേഷ് കട്ടിയുടെ മന്ത്രി സ്ഥാനത്തിനായി രംഗത്ത് എത്തിയിരിക്കുന്നത്. വിമത നീക്കത്തിന്റെ ആദ്യസുചനയായി ഉമേഷ് കട്ടി പാർട്ടിയിലെ 20 എം.എൽ.എമാർക്കായി അത്താഴ വിരുന്നൊരുക്കിയിരുന്നു. വിരുന്നിൽ യെദിയുരപ്പയുടെ പ്രവർത്തന ശൈലിമാറ്റണമെന്നതുൾപ്പെടെ ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉമേഷ് കട്ടിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈകുന്നതാണ് ഇത്തരമൊരു സമ്മർദ്ദം നീക്കത്തിന് എം.എൽ.എമാരെ പ്രേരിപ്പിച്ചത് എന്നാണ് സൂചന.
ഉമേഷ് കട്ടിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ സഹോദരനായ രമേശ് കട്ടിയെ രാജ്യസഭയിലേക്ക് അയക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. വിമത നീക്കത്തെ തുടർന്ന് ഉമേഷ് കട്ടിയോട് യെദിയൂരപ്പ വിശദീകരണം തേടിയെന്നും എം.എൽ.എമാരുടെ അടിയന്തിര യോഗം വിളിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് യെദിയൂരപ്പ രംഗത്തെത്തി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക