| Friday, 3rd March 2023, 4:23 pm

കൈക്കൂലി കേസിൽ മകൻ പിടിക്കപ്പെട്ടതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ബി.ജെ.പി എം.എൽ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കൈക്കൂലി കേസിൽ മകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജി പ്രഖ്യാപിച്ച് കർണാടകയിലെ ബി.ജെ.പി എം.എൽ.എ മദൽ വിരുപക്ഷപ്പ. മകൻ കൈക്കൂലി വാങ്ങുന്നത് പിടിക്കപ്പെട്ടതിന് പിന്നാലെ എം.എൽ.എയുടെ ഔദ്യോഗിക വസതിയിൽ കർണാടകയിലെ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ റെയ്ഡിൽ ആറ് കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.

ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ടന്റുമായ വി. പ്രശാന്ത് മദലിനെയാണ് ലോകായുക്ത പൊലീസ് പിടികൂടിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

പണം നൽകിയ വ്യക്തിയിൽ നിന്നും ഈ കൈമാറ്റത്തെ കുറിച്ച് നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത സംഘം സ്ഥലത്തെത്തിയത്.

കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജൻസ് ലിമിറ്റിഡിന്റെ കൂടി ചെയർപേഴ്‌സണായ എം.എൽ.എക്കുള്ള കൈക്കൂലിയാണ് മകൻ കൈപ്പറ്റിയതെന്ന് ലോകായുക്ത പൊലീസ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

കൈക്കൂലി വാർത്ത വ്യാപകമായി പ്രചരിച്ചതോടെ കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജൻസ് ലിമിറ്റിഡിന്റെ ചെയർപേഴ്സൺ സ്ഥാനവും വിരുപക്ഷപ്പ രാജിവെച്ചിട്ടുണ്ട്. കാലാവധി അവസാനിക്കാൻ 40 ദിവസം മാത്രം ബാക്കി നിൽക്കെയാണ് രാജി.

കൈക്കൂലി വാങ്ങിന്നത് പിടിക്കപ്പെട്ടതിന് പിന്നാലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മ വ്യക്തമാക്കിയിരുന്നു.

കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള എം.എൽ.എയാണ് മദൽ വിരുപക്ഷപ്പ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിൽ ഈ അറസ്റ്റ് ബി.ജെ.പിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചിട്ടുണ്ട്. മുൻ സർക്കാരുകളെല്ലാം അഴിമതിക്കാരായിരുന്നെന്നും ബി.ജെ.പി മാത്രമാണ് അതിൽ നിന്നുംവ്യത്യസ്തമായി പ്രവർത്തിക്കുന്നത് എന്നുമായിരുന്നു നേതാക്കളെല്ലാം പ്രചാരണ റാലികളിൽ ആവർത്തിച്ചിരുന്നത്.

Content Highlight: Karnataka BJP MLA resigns as son caught under bribe case

We use cookies to give you the best possible experience. Learn more