ബെംഗളൂരു: ഡിസംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകത്തില്‍ വിമത നീക്കങ്ങള്‍ തുടങ്ങി. ബി.ജെ.പിയെ വെട്ടിലാക്കി തിങ്കളാഴ്ച മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ രാജു കാഗെ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ ചേരാനാണ് കാഗെയുടെ തീരുമാനം.
‘കഴിഞ്ഞ 15-20 വര്‍ഷമായി ബി.ജെ.പിക്കൊപ്പം നിന്നവനാണ് ഞാന്‍. പക്ഷേ, അവരെന്നെ പിന്തുണക്കുന്നില്ല. എന്നെ മത്സരിപ്പിക്കരുതെന്ന് അവര്‍ 100 ശതമാനം തീരുമാനിച്ചപോലെയാണ്. മറ്റൊരു സാധ്യതയുമില്ലാതെയാണ് ഞാന്‍ പാര്‍ട്ടിവിടുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും’, രാജു കാഗെ പറഞ്ഞു.
പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയുമായി സംസാരിച്ചതിന് ശേഷമാണ് കാഗെ കോണ്‍ഗ്രസിലേക്കാണെന്ന കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായും ഇദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.
മണ്ഡലത്തിലെ ബി.ജെ.പി-കോണ്‍ഗ്രസ് വോട്ടുകള്‍ അനുകൂലമാക്കിയെടുക്കലാണ് തന്റെ ലക്ഷ്യമെന്നും കാഗെ പറഞ്ഞു. നാല് തവണ ബി.ജെ.പിയുടെ എം.എല്‍.എയായിരുന്നു ഇദ്ദേഹം.
ഉപതെരഞ്ഞെടുപ്പില്‍ കാഗെയ്ക്ക് കഗ്‌വാദ് മണ്ഡലം തന്നെ നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 2018ല്‍, കഗ്‌വാദില്‍ കോണ്‍ഗ്രസിന്റെ ശ്രീമന്ത് പട്ടീലിനോടായിരുന്നു കാഗെ മത്സരിച്ചത്. നേരിയ വ്യത്യാസത്തില്‍ കാഗെ പരാജയപ്പെടുകയായിരുന്നു.
ഇത്തവണ കാഗെയ്ക്ക് ടിക്കറ്റ് നല്‍കേണ്ടെന്നാണ് ബി.ജെ.പി തീരുമാനം. വിമത നീക്കം നടത്തി അയോഗ്യനാക്കപ്പെട്ട ശ്രീമന്ത് പട്ടീലിനെ കഗ്‌വാദില്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെത്തുടര്‍ന്നാണ് കാഗെ ഇടഞ്ഞത്. അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാരുടെ ഹര്‍ജിയില്‍ ബുധനാഴ്ച സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് രാജു കാഗെയുടെ നീക്കം.
എന്നാല്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ ഇന്ന് കാഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘അവരുടെ പാര്‍ട്ടിയില്‍നിന്നും ഇങ്ങോട്ട് ആളുവരുന്നു. നമ്മുടെ പാര്‍ട്ടിയില്‍നിന്ന് അങ്ങോട്ടും. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. ഞാന്‍ പൂജാരിയുമായും കാഗെയുമായും സംസാരിക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 12 സീറ്റിലെങ്കിലും ബി.ജെ.പി ജയിക്കും’ യെദ്യൂരപ്പ പറഞ്ഞു.
കാഗെയ്ക്ക് പുറമെ മറ്റ് ബി.ജെ.പി നേതാക്കന്മാരും പാര്‍ട്ടിക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എം.പി ബി.എം ബച്ചേഗൗഡയുടെ മകന്‍ ശരത് ബച്ചേഗൗഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് അധികാരം നഷ്ടപ്പെടാന്‍ കാരണമായ 17 എം.എല്‍.എമാരുടെ കൂറുമാറ്റവും തുടര്‍ന്ന് സുപ്രീംകോടതി ഇവരെ അയോഗ്യരാക്കിയതിനും പിന്നാലെയാണ് കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ്.