| Tuesday, 27th February 2024, 4:31 pm

രാജ്യസഭാ തെരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് കര്‍ണാടക ബി.ജെ.പി എം.എല്‍.എ എസ്.ടി സോമശേഖര്‍. ബി.ജെ.പി ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ ജി. പട്ടീലാണ് വാര്‍ത്ത പുറത്തുവിട്ടത്.

കോൺ​ഗ്രസിന് വോട്ട് ചെയ്തതിന് എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി അറിയിച്ചു. എം.എല്‍.എ കോണ്‍ഗ്രസിന് വോട്ട് ചെയ്ത കാര്യം സ്ഥരീകരിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

തനിക്ക് വാഗ്ദാനങ്ങള്‍ നല്‍കിയ പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടെടുപ്പിന് പിന്നാലെ സോമശേഖര്‍ പ്രതികരിച്ചു. തന്റെ മണ്ഡലത്തില്‍ വെള്ളത്തിനും മറ്റ് പദ്ധതികള്‍ക്കുമായി ഫണ്ട് തരുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്കായിരിക്കും വോട്ട് ചെയ്യുന്നതെന്ന് രാജ്യസഭ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

2019ലാണ് സോമശേഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് അദ്ദേഹം ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. പിന്നീട് 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം ബി.ജെ.പിയില്‍ നിന്നും അകലം പാലിച്ചിരുന്നു.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് പാർട്ടിയിൽ ക്രോസ് വോട്ടിങ് നടക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ‘ബി.ജെ.പിയുടെ എം.എല്‍.എമാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവര്‍ക്ക് തന്നെയാണ്. ക്രോസ് വോട്ടിങ് നടക്കുക ബി.ജെ.പിയിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും സ്വന്തം കക്ഷി മാറി വോട്ട് ചെയ്യില്ല’, സിദ്ധരാമയ്യ പറഞ്ഞു.

കര്‍ണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉത്തര്‍പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും ക്രോസ് വോട്ടിങ് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന വിവരം അഖിലേഷ് യാദവ് സ്ഥിരീകരിച്ചിരുന്നു. എം.എല്‍.എമാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Contant Highlight: Karnataka BJP MLA cross-voted for Congress in Rajya Sabha elections

We use cookies to give you the best possible experience. Learn more