ലോക്‌സഭയിലെ പരാമര്‍ശം; രാഹുല്‍ ഗാന്ധിയെ സഭയില്‍ വെച്ച് തല്ലണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ; കേസെടുത്ത് പൊലീസ്
national news
ലോക്‌സഭയിലെ പരാമര്‍ശം; രാഹുല്‍ ഗാന്ധിയെ സഭയില്‍ വെച്ച് തല്ലണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ; കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th July 2024, 4:55 pm

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പരാമര്‍ശത്തിൽ തല്ലേണ്ടതായിരുന്നുവെന്ന ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശത്തിന് പിന്നാലെ കേസ്. കര്‍ണാടക പൊലീസാണ് ബി.ജെ.പി എം.എല്‍.എ വൈ ഭരത് ഷെട്ടിക്കെതിരെ കേസെടുത്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 353(2) പ്രകാരം പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്.

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ദൈവങ്ങളുടെ ഫോട്ടോ ഉയര്‍ത്തിയെന്നും ഹിന്ദു വിഭാഗത്തെ മുഴുവന്‍ അക്രമകാരികളെന്ന് വിളിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍ പാര്‍ലമെന്റിന് അകത്ത് വെച്ച് തന്നെ രാഹുല്‍ ഗാന്ധിയെ തല്ലണമെന്നും ഭരത് ഷെട്ടി പറഞ്ഞിരുന്നു.

മംഗലാപുരം നോര്‍ത്ത് ബി.ജെ.പി എം.എല്‍.എയാണ് ഭരത് ഷെട്ടി. എം.എല്‍.എയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എം.എല്‍.എക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയോട് കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് മഞ്ജുനാഥ് ഭദാരി ആവശ്യപ്പെട്ടു.

അടുത്തിടെയാണ് ഹിന്ദുത്വ സംഘടനകള്‍ വിവാദമാക്കിയ രാഹുലിന്റെ പ്രസംഗം ലോക്‌സഭയില്‍ നടക്കുന്നത്. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയാണ് പിന്നീട് ഹിന്ദു വിഭാഗത്തിനെ അപമാനിച്ചെന്ന നിലയിലേക്ക് ഹിന്ദുത്വ സംഘടനകള്‍ എത്തിച്ചത്.

വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നുമാണ് രാഹുല്‍ ഗാന്ധി സഭയില്‍ പ്രസംഗിച്ചത്. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നത് എങ്ങനെയാണെന്നും രാഹുല്‍ ചോദിച്ചിരുന്നു.

ഇതിനെതിരെ സഭയില്‍ അമിത് ഷായും മോദിയും രംഗത്തെത്തി. അന്ന് തന്നെ സ്പീക്കറെ കണ്ട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ശിവന്റെ ചിത്രം സഭയില്‍ ഉയര്‍ത്തിക്കാട്ടി നിര്‍ഭയത്വവും അഹിംസയുമാണ് ശിവന്‍ പഠിപ്പിച്ചതെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ആരംഭിച്ചത്. ശിവന്റെ കഴുത്തിലുള്ള സര്‍പ്പം നിര്‍ഭയത്വത്തിന്റെയും ഇടത് കൈയ്യിലുള്ള ത്രിശൂലം അഹിസംയുടെ സന്ദേശമാണ് നല്‍കുന്നതെന്നും രാഹുല്‍ പറഞ്ഞു.

എന്നാല്‍ ഹിന്ദുവെന്ന് അവകാശപ്പെടുന്ന ചിലര്‍ ഹിംസയെയും വിദ്വേഷത്തെയും കുറിച്ച് മാത്രം സംസാരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഹിന്ദുക്കളല്ലെന്നാണ് ബി.ജെ.പി അംഗങ്ങളെ നോക്കി സഭയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഹിംസയുടെ ആളുകളായതുകൊണ്ടാണ് ബി.ജെ.പി ത്രിശൂലം വലത് കൈയ്യില്‍ പിടിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിന് പിന്നാലെ രാഹുൽ ​ഗാന്ധി ഹിന്ദുസമൂഹത്തെയാകെ അപമാനിച്ചെന്നും വിഷയം ഗൗരവമുള്ളതാണെന്നും പ്രധാനമന്ത്രി സഭയില്‍ വാദിച്ചു. ഇതിന് സഭയില്‍ തന്നെ പ്രധാനമന്ത്രിക്ക് രാഹുല്‍ മറുപടി നല്‍കുകയും ചെയ്തു. താന്‍ സംസാരിച്ചത് ബി.ജെ.പിക്കെതിരെയാണെന്നും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും കുത്തകയല്ല ഹിന്ദു സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Karnataka BJP MLA booked for saying Rahul Gandhi should be slapped in Parliament