തന്റെ ജാതിയേതാണെന്ന് പോലും അറിയാത്തവനാണ് രാഹുല്‍ ഗാന്ധി; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
national news
തന്റെ ജാതിയേതാണെന്ന് പോലും അറിയാത്തവനാണ് രാഹുല്‍ ഗാന്ധി; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2024, 2:35 pm

ബെംഗളൂരു: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ജാതി അധിക്ഷേപ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എ ബസന്‍ഗൗഡ പാട്ടീല്‍ യത്‌നാല്‍. ജാതി സെന്‍സസിനായി നിരന്തരമായി ആവശ്യം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ ജാതി ഏതാണെന്നോ എന്തിന് അദ്ദേഹം ഹിന്ദുവാണോ ക്രിസ്ത്യന്‍ ആയാണോ ജനിച്ചതെന്ന് പോലും അറിയില്ലെന്നും അതിനാല്‍ ഇക്കാര്യം അന്വേഷിക്കണമന്നുമാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

രാഹുല്‍ ഗാന്ധിയുടെ യു.എസ് സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കവെയാണ് ബിജാപൂര്‍ മണ്ഡലം എം.എല്‍.എയായ സന്‍ഗൗഡ പാട്ടീല്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത്. ജാതി അധിക്ഷേപം നടത്തിയതിന് പുറമെ രാഹുല്‍ ഗാന്ധിയെ കണ്‍ട്രി പിസ്റ്റള്‍ എന്ന് അഭിസംബോധന ചെയ്ത ബി.ജെ.പി നേതാവ് രാഹുല്‍ ഗാന്ധി കാരണം ഒന്നും തന്നെ അഭിവൃദ്ധി പ്രാപിക്കാന്‍ പോകുന്നില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി.

‘രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പോയി ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ജാതി സര്‍വെ നടത്തണമെന്ന് പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഏത് ജാതിയിലാണ് ജനിച്ചതെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. എന്തിന് അദ്ദേഹം ക്രിസ്ത്യനായാണോ മുസ്‌ലിമായാണോ ജനിച്ചത് എന്ന് പോലും അറിയില്ല.

ആദ്യം അത് അന്വേഷിക്കണം. താനൊരു ബ്രാഹ്‌മണനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കില്‍, അവന്‍ ഏത് തരം ബ്രാഹ്‌മണനാണ്? ജനിവര (മതപരമായ വിശുദ്ധ നൂല്‍) ധരിക്കുന്നവന്‍ ബ്രാഹ്‌മണനാകുമോ? പാട്ടീല്‍ ചോദിക്കുന്നു. രാഹുല്‍ ഗാന്ധി ഒരു ‘കണ്‍ട്രി പിസ്റ്റള്‍’ പോലെയാണ് ഇന്ത്യയില്‍ കണ്‍ട്രി പിസ്റ്റളുകള്‍ ലഭ്യമാണ്, അദ്ദേഹം കാരണം ഒന്നും തന്നെ അഭിവൃദ്ധിപ്പെടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പും വിവാദ പ്രസ്താവനകളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന ബി.ജെ.പി നേതാവാണ് ബസന്‍ഗൗഡ പാട്ടീല്‍. കഴിഞ്ഞ വര്‍ഷം, ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നില്ലെന്നും സുഭാഷ് ചന്ദ്രബോസ് ആയിരുന്നുവെന്നും പാട്ടീല്‍ പ്രസ്താവിച്ചിരുന്നു. കൂടാതെ ഈ വര്‍ഷം ആദ്യം, ബസന്‍ഗൗഡ പാട്ടീല്‍ മുസ്ലീങ്ങളെ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനോട് ഉപമിക്കുകയും തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം നേതാവിനും വോട്ട് ചെയ്യരുതെന്നും ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ജാതി സെന്‍സെസ്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ജാതികള്‍, ഉപജാതികള്‍ എന്നിവയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

ഇതാദ്യമായല്ല ബി.ജെ.പി നേതാക്കള്‍ ജാതി സെന്‍സസ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ജാതി സെന്‍സസ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറും ജാതി സെന്‍സസ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചിരുന്നു.

അതുകൂടാതെ ജാതി അറിയാത്ത ആളാണ് ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുന്നതെന്ന് ഹിമാചല്‍ പ്രദേശിലെ ഒരു ബി.ജെ.പി നേതാവും മുമ്പ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിരുന്നു.

Content Highlight: Karnataka BJP MLA asks is Rahul Gandhi ‘Muslim or Christian’