| Monday, 13th March 2023, 5:22 pm

ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി, അല്ലാഹു ബധിരനായതിനാല്‍; വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പിയുടെ സങ്കല്‍പ് യാത്രയില്‍ ബാങ്ക് വിളിയെ അപമാനിക്കുന്ന പരാമര്‍ശവുമായി എം.എല്‍.എയും മുന്‍ കര്‍ണാടക മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ.

എവിടെപ്പോകുമ്പോഴും തനിക്ക് ബാങ്ക് വിളി തലവേദനയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ എവിടെപ്പോയാലും ഇത് തലവേദനയാണ്. സുപ്രീം കോടതിയുടെ വിധിയുണ്ട്. ഇത് ഇന്നോ നാളെയോ അവസാനിക്കുമെന്നതില്‍ സംശയം വേണ്ട,’ ഈശ്വരപ്പ പറഞ്ഞു.

ഉച്ചഭാഷിണിയിലൂടെ പറഞ്ഞാല്‍ മാത്രമേ അല്ലാഹു കേള്‍ക്കുമെന്നുണ്ടോയെന്നും അങ്ങനെയാണെങ്കില്‍ അല്ലാഹു ബധിരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന് കരുതി പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ദേശീയതയില്‍ വിശ്വസിക്കുന്ന മുസ്‌ലിങ്ങള്‍ ഞങ്ങളുടെ കൂടെയുണ്ട്. അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്.ഡി.പി.ഐയെയും പിന്തുണക്കുന്നവരാണ് ബി.ജെ.പിയെ പിന്തുണക്കാത്തത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കാത്ത എന്തും നിര്‍ത്തലാക്കുമെന്നും ബാങ്ക് വിളിയും നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഭജനയും മറ്റ് മതപരമായ പരിപാടികളും സമൂഹത്തില്‍ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റാലിയില്‍ സംസാരിക്കുന്നതിനിടെ ബാങ്ക് വിളി കേട്ടപ്പോഴാണ് ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്.

വിഷയത്തില്‍ ദക്ഷിണ കന്നട ജില്ലാ മുസ്‌ലിം ഒക്കൂട്ട പ്രസിഡന്റ് കെ.അഷറഫ് പ്രതിഷേധവുമായി രംഗത്തെത്തി.

‘ഈശ്വരപ്പയെ മതപരമായ ആചാരങ്ങളുടെ ശബ്ദങ്ങള്‍ പ്രകോപ്പിപ്പിക്കുന്നു. അയാള്‍ എന്താണ് പറയുന്നതെന്ന കാര്യം അദ്ദേഹത്തിന് അറിയില്ല. പൊതുസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മുന്‍ മന്ത്രി മതപരമായി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ എത്തിയിരുന്നു.

content highlight: Karnataka BJP leader with controversial remarks about azan

We use cookies to give you the best possible experience. Learn more