| Sunday, 17th March 2024, 11:10 am

മകന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; ബി.ജെ.പി വിടുമെന്ന് കർണാടക മുൻ ഉപമുഖ്യമന്ത്രി കെ. എസ് ഈശ്വരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെം​ഗളൂരു: മകൻ കെ.ഇ.കാന്തേഷിന് ഹവേരി മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി വിടാനൊരുങ്ങി കർണാടക മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ. കർണാടകയിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ് യെദിയൂരപ്പ മകന് സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

നിലവിൽ ഈശ്വരപ്പയുമായി ചർച്ച നടത്താൻ യെദിയൂരപ്പ ശ്രമം നടത്തുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷിമോഗ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ഈശ്വരപ്പ വെള്ളിയാഴ്ച അറിയിച്ചത്. സ്വതന്ത്രനായി മത്സരിക്കുമെങ്കിലും നരേന്ദ്ര മോദിയെ വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ പോരാടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

“പാർട്ടിക്ക് എനിക്ക് നോട്ടീസ് നൽകുകയോ എന്നെ പുറത്താക്കുകയോ ചെയ്യാം. എന്നാൽ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചാൽ എന്റെ അനുയായികൾ ബി.ജെ.പിയുടെ കൂടെ നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,”ഈശ്വരപ്പ പറഞ്ഞു.

യെദിയൂരപ്പയുടെ മകനും സിറ്റിങ് എം.പിയുമായ ബി.വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബി.ജെ.പി സ്ഥാനാർത്ഥി. ഇതിന് പിന്നാലെയാണ് യെദിയൂരപ്പ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി ഈശ്വരപ്പ രം​ഗത്തെത്തിയത്. ഹവേരി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ബി.ജെ.പി സ്ഥാനാർത്ഥി.

കാന്തേഷ് ഹവേരിയിൽ മത്സരിച്ചിരുന്നെങ്കിൽ തീർച്ചയായും വിജയിക്കുമായിരുന്നുവെന്ന് ഈശ്വരപ്പ അവകാശപ്പെട്ടു. ബി.ജെ.പിയുടെ സംസ്ഥാന ഘടകം യെദിയൂരപ്പയുടെ കുടുംബത്തിൻ്റെ പിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു മകൻ എം.പിയും മറ്റൊരു മകൻ ബി. വൈ വിജയേന്ദ്ര എം.എൽ.എയും, സംസ്ഥാന അധ്യക്ഷനുമാണ്. കോൺഗ്രസിൻ്റെ കുടുംബ രാഷ്ട്രീയം കർണാടക ബി.ജെ.പിയിലും കടന്നുകൂടിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മകന് ടിക്കറ്റ് നിഷേധിച്ചത് കൊണ്ടല്ല സ്വതന്ത്രനായി മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന നിലനിൽക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും പാർട്ടി ഒരു കുടുംബത്തിൻ്റെ പിടിയിലേക്ക് പോകരുതെന്നും ഈശ്വരപ്പ പറഞ്ഞു. കാന്തേഷിനെ എം.എൽ.സി ആക്കുമെന്ന് യെദിയൂരപ്പ നൽകിയ വാക്ക് കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Karnataka BJP Leader KS Eshwarappa Says Will leave the party

We use cookies to give you the best possible experience. Learn more