ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയില്‍ കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍. പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ ദേവരാജ ഗൗഡക്ക് പങ്കുള്ളതായി നേരത്തെ പരാതി ലഭിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ദേവരാജ ഗൗഡക്കെതിരെ പരാതി ലഭിച്ചത്. പ്രജ്വല്‍ രേവണ്ണക്കെതിരായ കേസില്‍ പ്രത്യേക അന്വേഷണവുമായി സഹകരിക്കില്ലെന്ന് ദേവരാജ ഗൗഡ നേരത്തെ അറിയിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ ഡി.കെ. ശിവകുമാറിന് പങ്കുണ്ടെന്ന തരത്തില്‍ ഇയാള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയും എം.പിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രമുഖ നേതാവിന് പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് അന്വേഷവുമായി സഹകരിക്കില്ലെന്ന് ദേവരാജ ഗൗഡ തീര്‍ത്ത് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ദേവരാജ ഗൗഡക്കെതിരെ ബെംഗളൂരു പൊലീസ് ലൈംഗികാതിക്രമക്കേസ് രജിസ്റ്റര്‍ ചെയ്ത് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ കേസിലെ പ്രതിയായ പ്രജ്വല്‍ രേവണ്ണ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. മെയ് 15ന് അദ്ദേഹം കര്‍ണാടകയില്‍ തിരിച്ചെത്തുമെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലൈംഗികാതിക്രമക്കേസില്‍ പ്രജ്വല്‍ രേവണ്ണയുടെ പിതാവും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. രേവണ്ണ ഇപ്പോള്‍ ബെംഗളൂരു പൊലീസിന്റെ കസ്റ്റഡിയിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മെയ് നാലിനാണ് എച്ച്.ഡി. രേവണ്ണയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Content Highlight: Karnataka BJP leader Devaraje Gowda arrested in Prajwal Revanna sexual harassment case