ബെംഗളൂരു: കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ സംസ്ഥാനത്തെ ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കാന്‍ ബി.ജെ.പി തീരുമാനം. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഉടന്‍ പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കന്നഡ സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി. ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.ജി ബൊപ്പയ്യ തിങ്കളാഴ്ച യെദിയൂരപ്പയ്ക്കു നല്‍കിയ കത്ത് പരിഗണിച്ചാണു തീരുമാനം.
2015-ല്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കു കര്‍ണാടകത്തില്‍ തുടക്കമിട്ടത്. ഇത് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരും തുടര്‍ന്നു.
എന്നാല്‍ ഈ സമയമൊക്കെയും ആഘോഷത്തിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലായിരുന്നു. മൈസൂരില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നും നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിനു വിധേയനാക്കിയ ടിപ്പുവിന്റെ ജയന്തി സര്‍ക്കാര്‍ ആഘോഷിക്കുന്നതു നിര്‍ത്തണമെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം.
നാലാം തവണയാണ് യെദിയൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വീണതോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.