പ്രതിസന്ധിയിൽ ബി.ജെ.പി; കർണാടകയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു
national news
പ്രതിസന്ധിയിൽ ബി.ജെ.പി; കർണാടകയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st April 2023, 8:43 am

ബെം​ഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിലെ ബി.ജെ.പിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. കുഡ്‌ലിഗി എം.എൽ.എ എൻ.വൈ. ഗോപാലകൃഷ്ണയാണ് പുതുതായി പാർട്ടി വിട്ട് കോൺ​ഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയെ ഓഫീസിലെത്തി കണ്ട് ​ഗോപാലകൃഷ്ണ രാജിക്കത്തും സമർപ്പിച്ചതായാണ് റിപ്പോർട്ട്.

അടുത്തിടെ എൻ.വൈ. ഗോപാലകൃഷ്ണ മുതിർന്ന സംസ്ഥാന കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

നേരത്തെ കോൺ​ഗ്രസിനൊപ്പമായിരുന്നു ഇദ്ദേഹം 2018ൽ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിടുകയായിരുന്നു. കോൺ​ഗ്രസ് പ്രതിനിധിയായിരുന്ന കാലഘട്ടത്തിൽ മൊളകാൽമുരു നിയമസഭാ മണ്ഡലത്തിൽ നിന്ന് നാല് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയിലെത്തിയ ശേഷം കുഡ്ലി​ഗിയിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു.

കർണാടകയിൽ സമീപകാലത്തായി നിരവധി നേതാക്കളാണ് ബി.ജെ.പി വിട്ട് കോൺ​ഗ്രസിനോടാപ്പം ചേരുന്നത്. മാർച്ച് ആദ്യവാരം രണ്ട് എം.എൽ.എമാർ ബി.ജെ.പി വിട്ട് കോൺ​ഗ്രസിൽ ചേർന്നിരുന്നു. മാർച്ച് 27ന് എം.എൽ.എ സ്ഥാനം രാജിവെച്ച് ജെ.ഡി(എ.സ്) എം.എൽ.എ എസ്.ആർ ശ്രീനിവാസ് കോൺ​ഗ്രസിൽ ചേർന്നിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ പേർ കോൺ​ഗ്രസിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.

മെയ് 10നാണ് കർണാടകയിലെ തെരഞ്ഞെടുപ്പ്. ഒറ്റ​ഘട്ടമായായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13 ന് വോട്ടെണ്ണും.

224 മണ്ഡലങ്ങളിലായി 5.21 കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. മെയ് 24നാണ് നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുക.

9,17,241 പുതിയ വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 2.59 കോടി വോട്ടർമാർ സ്ത്രീകളാണ്. 2.62 കോടി പുരുഷ വോട്ടർമാരും സംസ്ഥാനത്തുണ്ട്. 58,282 പോളിങ് സ്റ്റേഷനുകളിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നിലവിൽ ബി.ജെ.പി 118, കോൺ​ഗ്രസ് 72, ജെ.ഡി.എസ് 32 എന്നിങ്ങനെയാണ് കക്ഷിനില.

അതേസമയം കർണാടകയിൽ ഇക്കുറി താമര വിരിയാൻ സാധ്യതയില്ലെന്നും കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ലോക് പോൾ സർവേ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. കർണാടകയിലെ 224 മണ്ഡലങ്ങളിലെ 45000 വോട്ടർമാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയിരിക്കുന്നത്.

116-122 സീറ്റ് നേടി കോൺഗ്രസ് വിജയിക്കുമെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ സീറ്റ് 77-83ലേക്ക് ചുരുങ്ങുമെന്നും, ജനതാ ദൾ എസിന് 21-27 സീറ്റും മറ്റ് പാർട്ടികൾക്ക് നാല് സീറ്റും ലഭിക്കുമെന്നുമാണ് ഫലം.

39-42 ശതമാനം വരെ കോൺഗ്രസ് വോട്ടുനേടുമെന്നും, 33-36 ശതമാനം ബി.ജെ.പിയും. 15-18 ശതമാനം ജനതാദൾ എസും നേടുമെന്നാണ് പ്രവചനം.

അഴിമതി വിരുദ്ധ സർക്കാർ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി.ജെ.പിക്ക് പാർട്ടി എം.എൽ.എ കോഴ വാങ്ങുന്നത് പിടിക്കപ്പെട്ടത് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ടിപ്പു സുൽത്താനെതിരായ പരാമർശങ്ങളും മുസ്‌ലിം വിരുദ്ധതയും സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ ബി.ജെ.പി വിരുദ്ധ കാഴ്ചപ്പാട് ഉണ്ടാക്കാൻ കാരണമായിട്ടുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlight: Karnataka BJP faces crisis as leaders quit party