ബെംഗളൂരു: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ ജഗദീഷ് ഷെട്ടാറിന് സീറ്റ് നിഷേധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം. യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ഷെട്ടാറിനോട് ഇത്തവണ മത്സരിക്കേണ്ടെന്ന് ബി.ജെ.പി ഹൈക്കമാന്‍ഡ് പറഞ്ഞതായി ന്യൂസ് 9 റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നില്‍ക്കുമെന്ന മുതിര്‍ന്ന പാര്‍ട്ടി അംഗം കെ. ഈശ്വരപ്പയുടെ തീരുമാനത്തിന് പിന്നാലെയാണ് ജഗദീഷ് ഷെട്ടാറിനും സീറ്റ് നിഷേധിച്ച് ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ തന്നെ തഴഞ്ഞ പാര്‍ട്ടി നടപടി അംഗീകരിക്കില്ലെന്നാണ് ജഗദീഷ് ഷെട്ടാറിന്റെ നിലപാട്. ഇതിനെതിരെ പാര്‍ട്ടി ഹെക്കമാന്‍ഡിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നോട് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറഞ്ഞതാണ് ഷെട്ടാറിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി പാര്‍ട്ടിയിലെ സജീവ അംഗമാണ് താനെന്നും വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും താന്‍ വിജയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
‘ബി.ജെ.പി ഹൈക്കമാന്‍ഡ് എന്നെ വിളിച്ച് യുവാക്കള്‍ക്കായി വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഞാനതിന് ഒരുക്കമല്ല. അവര്‍ക്ക് ഇക്കാര്യം വേണമെങ്കില്‍ 3-4 മാസം മുന്‍പേ പറയാമായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. നേതൃത്വത്തിന്റെ തീരുമാനം എന്നെ വല്ലാതെ വേദനപ്പെടുത്തി. ഞാന്‍ പാര്‍ട്ടിയോട് സീറ്റ് നല്‍കാന്‍ വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ വിവരം അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ 30 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടയാളാണ് ഞാന്‍. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ടുമുണ്ട്. സര്‍വേ റിസള്‍ട്ടുകള്‍ എനിക്ക് അനുകൂലമാണ്. എന്നിട്ടും എന്തിനാണ് എന്നെ പാര്‍ട്ടിയില്‍ നിന്ന് തഴയുന്നത്. ഇന്നേ വരെ എനിക്കെതിരെ ഒരു അഴിമതി ആരോപണം പോലും വന്നിട്ടില്ല.
പാര്‍ട്ടിയില്‍ പുതിയ റോളുകള്‍ ഏറ്റെടുക്കാനാണവര്‍ പറയുന്നത്. മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കാന്‍ പഠിക്കണം. എന്റെ കാര്യത്തില്‍ ഒരു പുനര്‍ ചിന്തക്ക് പാര്‍ട്ടി തയ്യാറാകുമെന്നാണ് എന്റെ വിശ്വാസം,’ ജഗദീഷ് ഷെട്ടാര്‍ പറഞ്ഞതായി ന്യൂസ് 9 റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം യുവാക്കളെ മുന്‍നിര്‍ത്തി കര്‍ണാടക പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആഭ്യന്തര ചേരിപ്പോരും പാര്‍ട്ടിയിലെ ഐക്യമില്ലായ്മയും മൂലം ഇത്തവണ ഭരണ നഷ്ടപ്പെടുമെന്ന് ബി.ജെ.പിയും ഭയക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ പല ഘടക കക്ഷികളും ഇത്തവണ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതും ബി.ജെ.പിക്ക് തലവേദനയാണ്. അതിനിടയിലാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം തള്ളി മുതിര്‍ന്ന നേതാവ് തന്നെ രംഗത്തെത്തിയത്.
Content Highlight: Karnataka bjp didnt give seat to jagadish shettar