ബി.ജെ.പി എം.എല്‍.എയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി പരാതി
India
ബി.ജെ.പി എം.എല്‍.എയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd December 2020, 3:49 pm

ബെംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയുടെ മര്‍ദ്ദനത്തില്‍ ബി.ജെ.പിയുടെ മുന്‍ കൗണ്‍സിലറുടെ ഗര്‍ഭം അലസിയതായി പരാതി.

കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ മഹാലിംഗപുര മുന്‍സിപ്പല്‍ കൗണ്‍സിലിലെ ബി.ജെ.പി കൗണ്‍സിലറായ ചാന്ദ്‌നി നായിക്കാണ് എം.എല്‍.എയ്‌ക്കെതിരെ രംഗത്തെത്തിയത്.

ബാഗല്‍കോട്ട തെര്‍ഗല്‍ മണ്ഡലത്തിലെ എം.എല്‍.എ സിദ്ദു സവഡിയും സംഘവുമാണ് മഹാലിംഗപുര നഗരസഭയിലെ ബി.ജെ.പി അംഗങ്ങളായ ചാന്ദ്നി നായിക്, സവിത ഹുര്‍ക്കടാലി, ഗോദാവരി ബാത്ത് എന്നിവരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. നവംബര്‍ ഒന്‍പതിനായിരുന്നു സംഭവം.

മുന്‍സിപ്പാലിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ എം.എല്‍.എ സവഡിയെ സമീപിച്ചിരുന്നു. എന്നാല്‍ എം.എല്‍.എ അപമാനിച്ച് തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച് മൂവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.

വോട്ട് ചെയ്യാനായി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസിലേക്ക് എത്തിയ ഇവരെ എം.എല്‍.എയും അനുയായികളും തടഞ്ഞ് നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു.

ചാന്ദ്നിയെ തള്ളി താഴെയിട്ട എം.എല്‍.എയും സംഘവും ഇവരെ നിലത്തിട്ടു ചവിട്ടി മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അന്ന് തന്നെ വൈറലായിരുന്നു. എം.എല്‍.എയേയും സംഘത്തേയും പിടിച്ച് മാറ്റിയ പൊലീസ് ഇവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം ചാന്ദ്നി നായിക്കിനെ മഹാലിംഗപുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ‘ആക്രമണത്തിന് ശേഷം ചാന്ദ്‌നിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നവംബര്‍ 23 ഓടെയാണ് ശാരീരിക അസ്വസ്ഥതകള്‍ കൂടുകയും വയറില്‍ നിന്നും വേദന അനുഭവപ്പെടുകയും ചെയ്തു.

അവള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴും കടുത്ത വേദനയുണ്ടായിരുന്നു. അബോര്‍ഷന്‍ നടത്തുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഇതില്‍ കൂടുതലൊന്നും പറയാനില്ല. പൊലീസ് ഡോക്ടര്‍മാരുമായി സംസാരിക്കട്ടെ. അവര്‍ സത്യം കണ്ടെത്തും. ആക്രമണമാണോ ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് ഞങ്ങള്‍ ഡോക്ടറോട് ചോദിച്ചിരുന്നു. അതിന് സാധ്യതയുണ്ടെന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്’, നാഗേഷ് പറഞ്ഞു.

എന്നാല്‍ നാഗേഷിന്റെ ആരോപണം ബി.ജെ.പി എം.എല്‍.എ നിഷേധിച്ചു. ഏഴ് വര്‍ഷം മുമ്പ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ചാന്ദ്നി ട്യൂബക്ടമി നടത്തിയതായി അറിഞ്ഞിട്ടുണ്ടെന്നായിരുന്നു എം.എല്‍.എയുടെ വാദം. അപ്പോള്‍ എങ്ങനെയാണ് അബോര്‍ഷന്‍ സംഭവിക്കുകയെന്നും ഇയാള്‍ ചോദിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സിദ്ദു സവഡി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഒരു സ്ത്രീയെ ആക്രമിച്ചത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘അതെ, സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അന്ന് നടന്നത്’ എന്നായിരുന്നു എം.എല്‍.എയുടെ മറുപടി.

‘അന്നത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. തുടക്കത്തില്‍ എന്റെ അനുയായികള്‍ അവരെ തള്ളിതാഴെയിട്ടു. എന്നാല്‍ ഞാന്‍ അവരെ സഹായിക്കാണ് അടുത്തേക്ക് പോയത്. അവരെ ആക്രമിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടക്കട്ടെ’, എം.എല്‍.എ പറഞ്ഞു.

തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കൗണ്‍സിലില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിക്കെതിരെ വോട്ടുചെയ്യാന്‍ ചാന്ദ്നി നായിക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിയെന്ന് ബി.ജെ.പി എം.എല്‍.എ ആരോപിച്ചിരുന്നു. അതുകൊണ്ടാണ് തന്റെ അനുനായികള്‍ അവരെ ആക്രമിച്ചത് എന്നായിരുന്നു എം.എല്‍.എയുടെ വാദം.

കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്.ഐ.ആര്‍ ഇതിനകം മഹാലിംഗപുര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ബാഗല്‍കോട്ട എസ്.പി ലോകേഷ് ജഗലസര്‍ പറഞ്ഞു.

സംഭവം കൊലപാതകത്തിന് തുല്യമാണെന്നായിരുന്നു ടെര്‍ഡാലില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉമാശ്രീ പറഞ്ഞത്. ‘ഇത് ഒരു ചെറിയ കാര്യമല്ല. എം.എല്‍.എ സിദ്ദു സവഡിയും അനുയായികളും ചാന്ദ്നി നായിക്കിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഇപ്പോള്‍ അവള്‍ക്ക് അബോര്‍ഷന്‍ വേണ്ടി വന്നു. ഇത് കൊലപാതകമാണ്’,ഉമാശ്രീ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karnataka BJP councillor alleges she had to undergo abortion after assault by BJP MLA