|

സാമ്പത്തിക പ്രതിസന്ധി കടുത്തു; കര്‍ണാടകത്തില്‍ അടച്ചൂപൂട്ടാനൊരുങ്ങി 70 ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തെളിയിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ മാത്രം അടച്ചൂപൂട്ടാനൊരുങ്ങുന്നത് 70 ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങളാണ്.

ചെറുതും വലുതുമായ എഴുപത് ഇരുമ്പയിര് സംസ്‌കരണ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതില്‍ പലതും വലിയ നഷ്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയും നഷ്ടം സഹിക്കാനാവില്ല എന്നാണ് ഈ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകള്‍ പറയുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ തൊഴില്‍ നഷ്ടം സംഭവിക്കുക ആയിരക്കണക്കിന് തൊഴിലാളികള്‍ക്കായിരിക്കും.

ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് ഈ സ്ഥാപനങ്ങള്‍ക്ക് വലിയ തോതിലുള്ള ഓര്‍ഡറുകള്‍ ലഭിക്കുന്നത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടായതായതോടെ ഓര്‍ഡറുകള്‍ കുറയുകയായിരുന്നു.

ആവശ്യത്തില്‍ വലിയ കുറവ് വന്നതോടെ ജില്ലയിലെ പ്ലാന്റുകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ ബുദ്ധിമുട്ടുകയാണ് ഭൂരിപക്ഷം സ്ഥാപനങ്ങളും. സ്വന്തം സ്വത്ത് വിറ്റും സ്വര്‍ണ്ണാഭരണങ്ങളും വിറ്റ് കൂലി കൊടുത്തു ചില പ്ലാന്റ് മുതലാളിമാര്‍, ചിലര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചുവെന്ന് കര്‍ണാടക സ്‌പോഞ്ച് അയേണ്‍ മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ ശ്രീനിവാസ റാവു പറഞ്ഞു.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളൊന്നും തന്നെ ഈ വ്യവസായത്തെ കുറിച്ച് ആശങ്കപ്പെടുകയോ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഈ സ്ഥിതി തുടരുകയാണെങ്കില്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories