രാജി അംഗീകരിക്കണമെങ്കില്‍ എം.എല്‍.എമാര്‍ നേരിട്ട് വരണമെന്ന് സ്പീക്കര്‍
Karnataka crisis
രാജി അംഗീകരിക്കണമെങ്കില്‍ എം.എല്‍.എമാര്‍ നേരിട്ട് വരണമെന്ന് സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 3:29 pm

 

ബെംഗളുരു: എം.എല്‍.എമാരുടെ രാജി അംഗീകരിക്കണമെങ്കില്‍ രാജിക്കത്ത് നല്‍കിയ എം.എല്‍.എമാര്‍ നേരിട്ട് വരണമെന്ന് കര്‍ണാടക സ്പീക്കര്‍. രാജിക്കു പിന്നില്‍ ആരുടെയും പ്രേരണയില്ലെന്ന് ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പല രാജിക്കത്തുകളും ശരിയായ ഫോര്‍മാറ്റിലുള്ളതോ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതോ അല്ല. എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ജൂലൈ 12നും 13നും രാജി നല്‍കിയ എം.എല്‍.എമാരെ താന്‍ വിളിച്ചിട്ടുണ്ട്. ഒട്ടും സമയം കളയാതെ ജൂലൈ 13ന് തന്നെ എം.എല്‍.എമാരായ അനന്ത് സിങ്ങിനേയും നാരായണ്‍ ഗൗഡയേയും താന്‍ നേരിട്ട് കാണും. രാമലിംഗ റെഡ്ഡിയേയും ഗോപാലയ്യയേയും ജൂലൈ 15ന് കാണുമെന്നും സ്പീക്കര്‍ പറഞ്ഞു.

അഞ്ച് എം.എല്‍.എമാരുടെ രാജിക്കത്തുകള്‍ മാത്രമേ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചതായുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയെ മുറുകെ പിടിക്കുകയെന്നതാണ് തന്റെ മുന്‍ഗണനയെന്ന് ഗവര്‍ണറോട് പറഞ്ഞിട്ടുള്ളതായും സ്പീക്കര്‍ വ്യക്തമാക്കി. പക്ഷേ നിസഹായരായവരുണ്ടെന്ന കാര്യം മനസിലുണ്ട്. ഒരൊറ്റ വിമത എം.എല്‍.എയേയും തന്നെ കണ്ടിട്ടില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.