ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ കൂടി മാത്രം ശേഷിക്കെ 57 ശതമാനമാണ് പോളിങ്ങ്. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പില്‍ ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികള്‍. ചിലയിടങ്ങില്‍ ജനതാദളുമായി ത്രികോണ മത്സരം ഉണ്ടെങ്കിലും ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്.
രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാമനഗര, ബെംഗളൂരുവിലെ ചാമരാജ്‌പേട്ട്, ഹെബ്ബാള്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പ് വൈകിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയില്ലെന്നു ആരോപിച്ച്, കലബുറഗിയില്‍ 5000 വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചു. റായിച്ചൂരിലെ ലിംഗസുഗൂരിലും ചിത്രദുര്‍ഗയിലും ഒട്ടേറെ ഗ്രാമീണര്‍ വോട്ടെടുപ്പു ബഹിഷ്‌കരിച്ചു. ധാര്‍വാഡിലെ കാരാഡിഗുഡ്ഡയില്‍ പോളിംഗ് ഓഫിസര്‍മാര്‍ വോട്ടര്‍മാരോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനയ് കുല്‍ക്കര്‍ണിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബി.ജെ.പി ബൂത്തിനു മുന്നില്‍ പ്രതിഷേധിച്ചു.
രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
4.9 കോടി പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. 2013നേക്കാള്‍ 12 ശതമാനം അധികം വോട്ടര്‍മാരാണ്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാര്‍ഥികളാണു മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഏഴിടത്ത് എം3 മോഡല്‍ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. യന്ത്രത്തില്‍ എന്തെങ്കിലും ക്രമക്കേടു നടന്നാല്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ മോഡല്‍.
ആകെ 56,695 പോളിങ് സ്റ്റേഷനുകള്‍. ഇതില്‍ 450 എണ്ണം പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലാണ്. മൂന്നര ലക്ഷത്തിലേറെ പോളിങ് ഉദ്യോഗസ്ഥരെയും നിയമിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി. മേയ് 15നാണു കര്‍ണാടകയില്‍ വോട്ടെണ്ണല്‍.