കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വയനാട് ഉപതെരഞ്ഞെടുപ്പും പരി​ഗണനയിൽ
national news
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്; വയനാട് ഉപതെരഞ്ഞെടുപ്പും പരി​ഗണനയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th March 2023, 9:32 am

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 11.30ക്ക് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനത്തിലായിരിക്കും തീയതി പ്രഖ്യാപിക്കുക. എം.പി സ്ഥാനത്തുനിന്നും രാഹുൽ ​ഗാന്ധി അയോ​ഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ വയനാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.

മെയ് 24നാണ് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ കാലാവധി അവസാനിക്കുക. 224 അംഗ അസംബ്ലിയാണ് കർണാടകയിലേത്.

അതേസമയം കർണാടകയിൽ ഇക്കുറി താമര വിരിയാൻ സാധ്യതയില്ലെന്നും കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ലോക് പോൾ സർവേ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. കർണാടകയിലെ 224 മണ്ഡലങ്ങളിലെ 45000 വോട്ടർമാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയിരിക്കുന്നത്.

116-122 സീറ്റ് നേടി കോൺഗ്രസ് വിജയിക്കുമെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ സീറ്റ് 77-83ലേക്ക് ചുരുങ്ങുമെന്നും, ജനതാ ദൾ എസിന് 21-27 സീറ്റും മറ്റ് പാർട്ടികൾക്ക് നാല് സീറ്റും ലഭിക്കുമെന്നുമാണ് ഫലം.

39-42 ശതമാനം വരെ കോൺഗ്രസ് വോട്ടുനേടുമെന്നും, 33-36 ശതമാനം ബി.ജെ.പിയും. 15-18 ശതമാനം ജനതാദൾ എസും നേടുമെന്നാണ് പ്രവചനം.

അഴിമതി വിരുദ്ധ സർക്കാർ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന ബി.ജെ.പിക്ക് പാർട്ടി എം.എൽ.എ കോഴ വാങ്ങുന്നത് പിടിക്കപ്പെട്ടത് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ടിപ്പു സുൽത്താനെതിരായ പരാമർശങ്ങളും മുസ്‌ലിം വിരുദ്ധതയും സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ ബി.ജെ.പി വിരുദ്ധ കാഴ്ചപ്പാട് ഉണ്ടാക്കാൻ കാരണമായിട്ടുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ടിപ്പു സുൽത്താൻ v/s ഹിന്ദുത്വ മുദ്രാവാക്യമുയർത്തിയായിരുന്നു ബി.ജെ.പിയുടെ പ്രചരണം. ടിപ്പു ജയന്തി നിർത്തലാക്കുക, സലാം ആരതി ആഘോഷത്തിന്റെ പേര് ആരതി നമസ്‌കാര എന്നാക്കുക, ടിപ്പുവിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഹിന്ദുത്വ ആശയങ്ങളുടെ വേലിക്കെട്ട് ശക്തമാക്കാൻ ബി.ജെ.പി ശ്രമങ്ങൾ നടത്തിവരികയാണ്.

സംസ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ടിപ്പുവിനെ പിന്തുണയ്ക്കുന്നവർക്ക് സ്ഥാനമില്ലെന്നും ശ്രീരാമ വിശ്വാസികൾ മതിയെന്നും കർണാടക ബി.ജെ.പി നേതാവ് നളിൻ കുമാർ കടീൽ പറഞ്ഞിരുന്നു.

സവർക്കറിനെ സംബന്ധിച്ച പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ബി.ജെ.പി സ്വാതന്ത്ര്യദിനാഘോഷത്തിൽ സവർക്കറിന്റെ ഫ്‌ളെക്‌സുകളും ഉയർത്തിയിരുന്നു.

Content Highlight: Karnataka Assembly Election 2023: EC to Announce Poll Schedule today