ചര്‍ച്ച നാലുവരെ മതി, ആറിനുള്ളില്‍ വോട്ടെടുപ്പ് നടത്തണം; കര്‍ണാടകത്തില്‍ ഇന്നു വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍
Karnataka crisis
ചര്‍ച്ച നാലുവരെ മതി, ആറിനുള്ളില്‍ വോട്ടെടുപ്പ് നടത്തണം; കര്‍ണാടകത്തില്‍ ഇന്നു വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd July 2019, 7:44 am

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രതിസന്ധിയൊഴിയുന്നില്ല. ഇന്നലെ നിയമസഭയില്‍ ചര്‍ച്ച നീണ്ടപ്പോള്‍, വിശ്വാസ വോട്ടെടുപ്പ് ഇന്നത്തേക്കു നീട്ടിവെച്ചിരുന്നു. വൈകിട്ട് നാലുമണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നും ആറുമണിക്കുള്ളില്‍ വോട്ടെടുപ്പ് നടത്തണമെന്നും സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ പറഞ്ഞു.

ഇന്നലെ അര്‍ധരാത്രി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. പക്ഷേ പ്രതിഷേധം ശക്തമായതോടെ സഭ പിരിയുകയായിരുന്നു.

സുപ്രീംകോടതിയുടെ തീരുമാനം വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ജെ.ഡി.എസിന്റെ നിലപാട്. വിമത എം.എല്‍.എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തതയുള്ളതിനാലാണിത്.

കൂടാതെ തങ്ങള്‍ക്കെതിരായ അയോഗ്യതാ ശുപാര്‍ശയില്‍ വിമത എം.എല്‍.എമാര്‍ സ്പീക്കര്‍ക്കു കത്ത് നല്‍കി. നേരിട്ട് ഹാജരാകാന്‍ ഒരുമാസം സമയം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ന് 11 മണിക്കു മുന്‍പു ഹാജരാകണമെന്നായിരുന്നു സ്പീക്കര്‍ വിമത എം.എല്‍.എമാര്‍ക്ക് ഇന്നലെ നല്‍കിയ അന്ത്യശാസനം.

അതിനിടെ തന്റെ പേരില്‍ വ്യാജ രാജിക്കത്ത് പ്രചരിക്കുന്നതായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ശ്രദ്ധയില്‍പ്പെടുത്തി. പ്രചരിക്കുന്ന വ്യാജ രാജിക്കത്തിന്റെ കോപ്പി നിയമസഭയില്‍ ഉയര്‍ത്തികാട്ടിയായിരുന്നു കുമാരസ്വാമിയുടെ ആരോപണം. താന്‍ രാജിവെച്ചിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

‘ഞാന്‍ എന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതായി അറിയാന്‍ കഴിഞ്ഞു. ആരാണ് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്നത് എന്ന് എനിക്കറിയില്ല. എന്റെ ഒപ്പ് വ്യാജമായി നിര്‍മ്മിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമാണ്. ഇത് എന്നെ ഞെട്ടിച്ചു. ഇത് തരം താണ രാഷ്ട്രീയ നീക്കമാണ്.’- കുമാരസ്വാമി പറഞ്ഞു.

വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന് കുമാരസ്വാമിയും ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നടത്തണമെന്ന് കുമാരസ്വാമി സ്പീക്കറോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നെങ്കിലും സ്പീക്കര്‍ അത് സ്വീകരിച്ചില്ല.

കുമാരസ്വാമിക്കു പുറമേ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറും വോട്ടെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കി, ചര്‍ച്ച പൂര്‍ത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്നും സര്‍ക്കാരിന് ഒരു തിടുക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞിരുന്നു. അത് സഭയുടെയും എം.എല്‍.എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.