അജീഷ് കർണാടകക്കാരൻ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക
Kerala News
അജീഷ് കർണാടകക്കാരൻ; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th February 2024, 9:19 pm

ബെംഗളൂരു: വയനാട്ടിൽ ബേലൂർ മഖ്ന എന്ന കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി സ്വദേശി അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക.

കർണാടക വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രയാണ് പ്രഖ്യാപനം നടത്തിയത്.

ഫെബ്രുവരി 18ന് അജീഷിന്റെ കുടുംബത്തെ വയനാട് എം.പി രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയയുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെട്ടതിനു പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് മോഴയാനയായ ബേലൂർ മഖ്നയെ കർണാടക വനംവകുപ്പ് തുരത്തിയോടിച്ചതായിരുന്നു.

കർണാടകയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നൽകിവരുന്ന ധനസഹായം തന്നെയാണ് അജീഷിന്റെ കുടുംബത്തിനും പ്രഖ്യാപിച്ചിരിക്കുന്നത്. അജീഷിനെ കർണാടകക്കാരനായി കണക്കാക്കിയാണ് ധനസഹായം നൽകുന്നത് എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതായി വനമന്ത്രി ഈശ്വർ ഖന്ദ്ര പറഞ്ഞു.

ഫെബ്രുവരി 10നായിരുന്നു കാട്ടാന അജീഷിനെ ചവിട്ടിക്കൊലപ്പെടുത്തിയത്. കാട്ടാനയിൽ നിന്ന് രക്ഷപ്പെടാനായി ജോമോൻ എന്നയാളുടെ വീടിന്റെ മതിൽ ചാടിക്കടന്ന് അജീഷ് ഓടിയെങ്കിലും ആന മതിൽ പൊളിച്ചെത്തി അജീഷിനെ ആക്രമിക്കുകയായിരുന്നു.

പിന്നാലെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കർണാടകയുടെ ഉൾവനത്തിലേക്ക് കടന്ന് ബേലൂർ മഖ്ന ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.

Content Highhlight: Karnataka announces financial help for Ajeesh killed by Elephant