ഗുജറാത്തിലും കര്‍ണാടകയിലും മാഗിയുടെ നിരോധനം പിന്‍വലിച്ചു
Daily News
ഗുജറാത്തിലും കര്‍ണാടകയിലും മാഗിയുടെ നിരോധനം പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th October 2015, 8:32 pm

Maggie-3

ബംഗലൂരു:  കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകള്‍ മാഗി നൂഡില്‍സിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. മുംബൈ ഹൈക്കോടതി നിര്‍ദേശിച്ച ലാബുകളില്‍ പരിശോധന വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് മാഗിയുടെ നിരോധനം പിന്‍വലിക്കുന്നത്. കര്‍ണാടകയില്‍ മാഗിയുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി യു.ടി ഖാദര്‍ പറഞ്ഞു. അതേ സമയം നിരോധനം സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈയത്തിന്റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെയും അംശം കൂടുതലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ജൂണ്‍ മാസത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ മാഗിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.  ഇതിനിടെ ആഗസ്റ്റില്‍ മാഗിക്ക് അനുകൂലമായി മുംബൈ വിധി പറയുകയും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഇതിന്റെയടിസ്ഥാനത്തില്‍ മാഗിയുടെ 90 സാമ്പിളുകളാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം മൂന്നു ലബോറട്ടറികളില്‍ പരിശോധന നടത്തിയിരുന്നത്. നേരത്തെ യു.എസ്.എ, യു.കെ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലും ഇന്ത്യയിലെ മാഗി സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.