ബെംഗളൂരു: കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ 33 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
80 വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. ജൂണ്‍ 25 നും ജൂലൈ 3 നും ഇടയിലായിരുന്നു കര്‍ണാടകയില്‍ പത്താം ക്ലാസ് പരീക്ഷ നടന്നത്.
നേരത്തെ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെയാണ് സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കുകയായിരുന്നു.
7.60 ലക്ഷം വിദ്യാര്‍ത്ഥികളാണ് കര്‍ണാടകയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള 3911 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അസുഖം ബാധിച്ചതിനാല്‍ 863 വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല.
അതേസമയം കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിലും പരിസരപ്രദേശങ്ങള്‍ 33 മണിക്കൂര്‍ കര്‍ശന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 8 മണിയ്ക്ക് തുടങ്ങി തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് ലോക്ക് ഡൗണ്‍.
അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂവെന്നും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ബ്രുഹത് ബെംഗളൂരു മഹങ്കര പാലിക് കമ്മീഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു.
കര്‍ണാടകയില്‍ 19710 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 293 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 1600ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
ബെംഗളൂരു നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് സര്‍ക്കാരിന്റെ വിലയിരുത്തല്‍.