കോണ്‍ഗ്രസ് ട്രബിള്‍ ഷൂട്ടര്‍ ഡി.കെ ശിവകുമാറിന് ജാമ്യം. ദല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ബി.എസ് യെദിയൂരപ്പ ഭരിക്കുന്ന കര്‍ണാടകത്തിലേക്കാണ് ശിവകുമാറിന്റെ മടങ്ങി വരവ്.
ഡി.കെ ശിവകുമാറിന്റെ തിരിച്ചു വരവ് കര്‍ണാടക രാഷ്ട്രീയത്തില്‍ എന്ത് മാറ്റമാണുണ്ടാക്കുക. അതാണ് ഡൂള്‍ന്യൂസ് പരിശോധിക്കുന്നത്.
കര്‍ണാടകത്തിലെ പ്രബല സമുദായമായ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള പ്രമുഖ നേതാവാണ് ഡി.കെ ശിവകുമാര്‍. ശിവകുമാറിനെ അറസ്റ്റ് ചെയ്തതോടെ രാഷ്ട്രീയ ഭേദമന്യേ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം വൊക്കിലിഗ സമുദായ പ്രവര്‍ത്തകരും തെരവിലിറങ്ങി.
ഇതേ സമുദായത്തെ കണ്ടാണ് ജനതാദളും ശിവകുമാറിന് വേണ്ടി പ്രക്ഷോഭത്തില്‍ സജീവമായത്. ബി.ജെ.പി നേതാക്കള്‍ പോലും ശിവകുമാറിന്റെ അറസ്റ്റിനെ വ്യക്തുപരമായി അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞു. അതിലൊരാളായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പയും.
വൊക്കലിഗ സമുദായത്തിന്റെ ശക്തമായ പിന്തുണ അറസ്റ്റിന് ശേഷം ലഭിച്ചതോടെ ജയിലില്‍ പോയതിനേക്കാളും ശക്തനായ നേതാവായാണ് ശിവകുമാര്‍ മടങ്ങി വരുന്നത്.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയെ സഹായിച്ചതിലൂടെ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നു. അയോഗ്യരാക്കപ്പെട്ട ഈ എം.എല്‍.എമാര്‍ കോടതി വിധി അനുകൂലമായാല്‍ തങ്ങള്‍ നേരത്തെ വിജയിച്ച മണ്ഡലത്തില്‍ തന്നെ മത്സരിക്കാനാണ് ഒരുങ്ങുന്നത്. ബി.ജെ.പി സീറ്റിലായിരിക്കും ഇവര്‍ മത്സരിക്കുക.
ഈ സീറ്റുകളില്‍ കൂടുതലും പഴയ മൈസൂര്‍ മേഖലയിലാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായാണ് പഴയ മൈസൂര്‍ അറിയപ്പെടുന്നത്. 15 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 7,8 സീറ്റുകളിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരത്തില്‍ തുടരാനാവൂ.
തന്നെ ജയിലിലേക്ക് അയച്ച ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സ്വാഭാവികമായും ഡി.കെ ശിവകുമാര്‍ ഈ മണ്ഡലങ്ങളില്‍ സജീവമായിറങ്ങും. ഈ മണ്ഡലങ്ങളിലെ പ്രബല സമുദായമായ വൊക്കലിഗ സമുദായത്തിന്റെ പിന്തുണ നല്ല പോലെ ഉള്ളതിനാല്‍ വര്‍ധിത വീര്യത്തോടെയായിരിക്കും ശിവകുമാര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തികുക. നേരത്തെ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കോണ്‍ഗ്രസിന് ശിവകുമാറിന്റെ തിരിച്ചുവരവ് വലിയ ആശ്വാസമായേക്കും സമ്മാനിക്കുക.