| Thursday, 9th August 2018, 11:34 pm

മഴക്കെടുതി; കേരളത്തിന് കൈത്താങ്ങായി പത്ത് കോടി നല്‍കുമെന്ന് കര്‍ണ്ണാടക; എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ തമിഴ്നാടിന് പിന്നാലെ സഹായവുമായി കര്‍ണ്ണാടകയും. മഴക്കെടുതിയെ നേരിടാന്‍ കേരളത്തിന് 10 കോടി രൂപയ നല്‍കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.

കേരളത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലുമായി 23 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അണക്കെട്ടുകളില്‍ വെള്ളം നിറയുന്ന സാഹചര്യത്തില്‍ 22 അണക്കെട്ടുകള്‍ തുറന്നിരുന്നു. അതേസമയം ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിവിട്ടിട്ടും അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്.

Also Read ഇടുക്കിയില്‍ പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടല്‍; വിദേശികള്‍ കുടുങ്ങിക്കിടക്കുന്നു

മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും മലബാര്‍ മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴയെത്തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും വേണ്ട മുന്‍കരുതലുകളെടുക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി

We use cookies to give you the best possible experience. Learn more