പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി
national news
പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 4:39 pm

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ ഒന്‍പതാം ദിവസവും തുടരവെ നിര്‍ണായക വിവരവുമായി കര്‍ണാടക റവന്യൂമന്ത്രി.

തിരച്ചില്‍ തുടരുന്ന പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി മന്ത്രി കൃഷ്ണബൈര ഗൗഡ എക്‌സില്‍ എഴുതിയ പോസ്റ്റില്‍ പറഞ്ഞു. ഏത് ട്രക്കാണ് ഇത് എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും നിലവില്‍ അര്‍ജുന്റെ ട്രക്ക് മാത്രമേ കണ്ടെത്താനുള്ളൂ.

നാവികസേനാ മുങ്ങല്‍വിദഗ്ധര്‍ ഉടന്‍ പുഴയിലെ ഈ ഭാഗത്തിറങ്ങി പരിശോധന ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും തിരച്ചില്‍ നടത്തും. ഇന്ന് കര്‍ണാടക ചീഫ് സെക്രട്ടറി ഉന്നത തല യോഗം വിളിച്ചിരുന്നു. അപകട സ്ഥലത്തും അങ്കോള ആശുപത്രിയിലും വാഹനങ്ങള്‍ തയ്യാറായിരിക്കണമെന്നും ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

ഇന്ന് രാത്രിയും തെരച്ചില്‍ നടത്തുമെന്ന് സൈന്യം അറിയിച്ചിരുന്നു. സൂചനകളല്ലാതെ അര്‍ജുനും ലോറിയും എവിടെയുണ്ടെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നും പുറത്തുവന്നിരുന്നില്ല. ഈ ഘട്ടത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റ്.

ഗംഗാവലി നദിയില്‍ കഴിഞ്ഞ ദിവസം റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാര്‍ സിഗ്‌നലും ലഭിച്ചിരുന്നു. നിലവില്‍ ബൂം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നദിയില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എക്‌സവേറ്റര്‍ ഉപയോഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചില്‍ നടത്താന്‍ സാധിക്കും.

അതേസമയം കനത്ത മഴയും കാറ്റും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ഇതിനൊപ്പം ഗംഗാവലി പുഴയിലെ അടിയൊഴുക്കും തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഷിരൂരില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്ന ഹരജി പരിഗണിക്കുന്നത് അടുത്ത മാസം ഒന്നിലേക്ക് കര്‍ണാടക ഹൈക്കോടതി മാറ്റിയിട്ടുണ്ട്.