| Thursday, 2nd June 2022, 7:15 pm

കര്‍ണാടകയില്‍ ഹിജാബ് ധരിച്ചതിന് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും പിടിമുറുക്കി ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയതിന് ആറ് കുട്ടികളെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ഗവര്‍ണ്‍മെന്റ് പ്രീ യൂനിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.

അധ്യാപകരുമായി ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് വിദ്.ാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഹിജാബ് മാര്‍ഗനിര്‍ദേശങ്ങല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവും, ഹൈക്കോടതി വിധിയും പെണ്‍കുട്ടികലെ ബോധിപ്പിച്ചതായും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

മംഗളൂരു യൂനിവേഴ്‌സിറ്റിയിലും ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ അനുവദിക്കമമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ കമ്മീഷണറുടെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കണമെന്നും അനുസരിക്കണമെന്നുമായിരുന്നു കമ്മീഷണര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഇതിനെതിരായ പ്രതിഷേധവുമായാണ് വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയത്.

ഉഡുപ്പി പ്രീ യൂനിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ സംഭവത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നുണ്ട്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്ന് കോടതി വിധിച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയും കോടതി തള്ളിയിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 15നാണ് കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി ശരിവെച്ച് വിധി പുറപ്പെടുവിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും യൂനിഫോം നിര്‍ബന്ധമാക്കിയത് മൗലികാവകാശലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഹിജാബ് മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാര്‍കര്‍ കോളജിലെയും വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജികളാണ് ഹൈക്കോടതി തള്ളിയത്.

Content Highlight: Karnata again in hijab row, 6 students suspended for wearing hijab

We use cookies to give you the best possible experience. Learn more