| Monday, 13th March 2017, 11:42 pm

കന്നഡ എഴുത്തുകാരന്‍ യോഗേഷ് മാസ്റ്റര്‍ക്കെതിരെ കറുത്ത മഷി പ്രയോഗം; ദൈവങ്ങളെ കുറിച്ച് എഴുതിയാല്‍ കൂടുതല്‍ കടുത്ത ശിക്ഷ നേരിടുമെന്ന് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദേവനഗരി: പ്രമുഖ പുരോഗമ ചിന്തകനും എഴുത്തുകാരനുമായ യോഗേഷ് മാസ്റ്റര്‍ക്കെതിരെ തീവ്രവലതുപക്ഷ വാദികളുടെ കറുത്ത മഷി പ്രയോഗം. വിവാദമായ ദുന്ദി എന്ന കന്നഡ നോവലിന്റെ രചയീതാവാണ് യോഗേഷ്. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ എഴുതിയാല്‍ കൂടുതല്‍ കടുത്ത പ്രയോഗങ്ങള്‍ക്ക് വിധേയനാകേണ്ടി വരുമെന്നും സംഘം ഭീഷണി മുഴക്കിയതായി പൊലീസ് പറഞ്ഞു.

ഒരു പൊതുപരുപാടിയില്‍ പങ്കെടുക്കുകയായിരുന്ന യോഗേഷ് ചായ കുടിച്ചു കൊണ്ടിരിക്കെയായിരുന്നു ഒമ്പത് പേരടങ്ങുന്ന സംഘം ഇദ്ദേഹത്തിന് നേരെ ആക്രമണം നടത്തുന്നത്. മുഖത്തും ദേഹത്തും കറുത്ത മഷി ഒഴിച്ചായിരുന്നു ആക്രമണം. ഇതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനയാണെന്നാണ് സംശയിക്കുന്നത്.

ഹിന്ദു ദൈവങ്ങളെ കുറിച്ച് ഇനി എഴുതിയാല്‍ കൂടുതല്‍ കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടി വരുമെന്നും ആക്രമി സംഘം ആക്രോശിച്ചെന്നും അവര്‍ ജയ് ശ്രീറാം എന്നുറക്കെ വിളിച്ചു പറഞ്ഞിരുന്നതായും പൊലീസ് സൂപ്രണ്ട് ഭീംശങ്കര്‍ ഗുല്ലെഡ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

പ്രാദേശിക ദിനപത്രമായ ഗൗരി ലങ്കേഷ് പത്രിക സംഘടിപ്പിച്ച പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കവെയായിരുന്നു യോഗേഷിനെതിരെ ആക്രമണമുണ്ടാകുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു.


Also Read: ഈ പൊലീസിന് സല്യൂട്ട് അടിച്ച് ദല്‍ഹി; നഗരത്തില്‍ നിന്നും കാണാതായ 170 കുട്ടികളെ നാല് മാസം കൊണ്ട് കണ്ടെത്തി ഇരുവര്‍ സംഘം


സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പ്രതികളെ മുഴുവന്‍ പിടികൂടി തക്കതായ ശിക്ഷ നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. യോഗേഷിന്റെ വിവാദ നോവലായ ദുന്ദിയില്‍ ഹിന്ദു ദൈവമായ ഗണപതിയെ മോശമായി ചിത്രീകരിക്കുന്നണ്ടെന്നാണ് തീവ്ര ഹിന്ദുത്വ വാദികള്‍ ആരോപിക്കുന്നത്.

We use cookies to give you the best possible experience. Learn more