| Tuesday, 20th September 2016, 2:37 pm

കര്‍ണന്റെ ബജറ്റ് 300 കോടി ;കള്ളമെന്നും തള്ളെന്നും പറയുന്നത് എന്തിനാണെന്ന് ആര്‍.എസ് വിമല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ മുന്നൂറ് കോടി ബജറ്റിലുള്ള ചിത്രം അനൗണ്‍സ് ചെയ്താല്‍ നമ്മള്‍ അതിനെ വാഴ്ത്തും. അതേസമയം മലയാളത്തില്‍ നിന്ന് വന്‍ബജറ്റിലൊരു ചിത്രം അനൗണ്‍സ് ചെയ്യുമ്പോള്‍ അതിനെ തള്ളെന്നോ ധൂര്‍ത്തെന്നോ കള്ളമെന്നോ ആരോപിക്കും


എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ആര്‍.എസ് വിമല്‍ കൂട്ടുകെട്ടില്‍ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് കര്‍ണന്‍. മൂന്നൂറുകോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍ പറയുന്നു.

അമ്പത് കോടി ബജറ്റിലെത്താത്ത മലയാളത്തില്‍ നിന്നും ഇത്തരമൊരു പ്രഖ്യാപനം കേള്‍ക്കുമ്പോള്‍ പലര്‍ക്കും അവിശ്വസിനീയം എന്നുതോന്നാമെന്നും എന്നാല്‍ അത് സ്വാഭാവികം മാത്രമാണെന്നുമാണ് ആര്‍.എസ് വിമല്‍ പറയുന്നത്. സൗത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമലിന്റെ പരാമര്‍ശം.

തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ മുന്നൂറ് കോടി ബജറ്റിലുള്ള ചിത്രം അനൗണ്‍സ് ചെയ്താല്‍ നമ്മള്‍ അതിനെ വാഴ്ത്തും. അതേസമയം മലയാളത്തില്‍ നിന്ന് വന്‍ബജറ്റിലൊരു ചിത്രം അനൗണ്‍സ് ചെയ്യുമ്പോള്‍ അതിനെ തള്ളെന്നോ ധൂര്‍ത്തെന്നോ കള്ളമെന്നോ ആരോപിക്കും. കുറച്ചുപേരില്‍ മാത്രമാണ് ഈ അവിശ്വസനീയതയെന്നും ആര്‍.എസ് വിമല്‍ പറയുന്നു.

മലയാള സിനിമയായി മാത്രം കര്‍ണ്ണനെ കാണേണ്ടതില്ല. എഴുത്തുകാരനും സംവിധായകനും നായകനും ഒഴികെ മറ്റുള്ളവരില്‍ ഭൂരിഭാഗവും മലയാളത്തിന് പുറത്ത് നിന്നുള്ളവരാണ്.

ഹൈദരാബാദില്‍ ഇപ്പോള്‍ കര്‍ണ്ണന്‍ ത്രീഡി ആനിമേഷന്‍ ഫിലിമിന്റെ ജോലികള്‍ നടക്കുകയാണ്. പ്രീ പ്രൊഡക്ഷന് വേണ്ടി ഹൈദരാബാദില്‍ രണ്ട് ഓഫീസുകള്‍ തുറന്നിട്ടുണ്ട്. ത്രീ ഡി ആനിമേഷന്‍ ചിത്രത്തിന് ശേഷമാണ് കര്‍ണ്ണന്‍ സിനിമ തുടങ്ങുകയെന്നും ആര്‍.എസ് വിമല്‍ പറയുന്നു.

ബാഹുബലി രണ്ട് ഷൂട്ട് കഴിഞ്ഞാലുടന്‍ കര്‍ണ്ണന്‍ തുടങ്ങാനാണ് ആലോചന. ബാഹുബലിയുടെ ഛായാഗ്രാഹകന്‍ സെന്തില്‍കുമാറാണ് ക്യാമറ ചെയ്യുന്നത്. അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിമല്‍ പറയുന്നു.

We use cookies to give you the best possible experience. Learn more