| Friday, 18th January 2019, 10:41 pm

''ഇവിടെ ഒന്നും നടക്കില്ല, വൈകാതെ അവര്‍ ഞങ്ങള്‍ക്കൊപ്പം ചേരും''; യോഗത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് എം.എല്‍.എമാരെ കുറിച്ച് എച്ച്.ഡി. കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാത്ത നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എവിടേയും പോയിട്ടില്ലെന്നും അവര്‍ ഞങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശദീകരണം.

“”ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. വൈകാതെ അവര്‍ ഞങ്ങള്‍ക്കൊപ്പം ചേരും. ഞാന്‍ എല്ലാ ദിവസവും അവരുമായി സംസാരിക്കുന്നുണ്ട്. മനക്കോട്ടകെട്ടിയവരുടെ സ്വപ്‌നം നടക്കില്ല””. അഭിമുഖത്തില്‍ കുമാരസ്വാമി വ്യക്തമാക്കി.

നേരത്തെ കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഓപ്പറേഷന്‍ ലോട്ടസ് പദ്ധതി കോണ്‍ഗ്രസ് പൊളിച്ചിരുന്നു.ഇന്നു വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷിയോഗത്തില്‍ കോണ്‍ഗ്രസിന്റെ 75 എം.എല്‍.എ.മാരാണ് പങ്കെടുത്തത്. നാല് എം.എല്‍എ.മാര്‍ പങ്കെടുത്തിരുന്നില്ല. അവരെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു കുമാരസ്വാമിയുടെ വിശദീകരണം.

ALSO READ: ബി.ജെ.പിയുടെ ജയം ഉറപ്പുവരുത്തണം, എന്നാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാകാം; മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ജയം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന കളക്ടറുടെ സന്ദേശം പുറത്ത്

രമേഷ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുംതാഹള്ളി തുടങ്ങിയവരാണ് യോഗത്തിനെത്താതിരുന്നത്. അനാരോഗ്യംമൂലം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉമേഷ് അറിയിച്ചിരുന്നു. കോടതിയില്‍ ഒരു കേസിന്റെ വാദം നടക്കുന്നതിനാല്‍ യോഗത്തിലെത്താനായില്ലെന്നാണ് ബി നാഗേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.വിമതരായ രണ്ട് എം.എല്‍.എമാരെ ബി.ജെ.പി ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പ്രത്യേക അജണ്ട നിശ്ചയിക്കാതെയായിരുന്നു ഇന്ന് നിയമസഭാകക്ഷിയോഗം ചേര്‍ന്നിരുന്നത്. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും ചര്‍ച്ചയായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more